ലോക്കല്‍ തെരഞ്ഞെടുപ്പിന്റെ ക്ഷീണം അകറ്റാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കര്‍മ്മനിരതനാകുന്നു. വര്‍ക്ക് ഫ്രം ഹോമില്‍ കടിച്ചുതൂങ്ങി കിടക്കുന്ന ജോലിക്കാരോട് ഓഫീസില്‍ മടങ്ങിയെത്താനും, അനധികൃത കുടിയേറ്റക്കാരെ നാടുകടത്താനുള്ള റുവാന്‍ഡ പ്ലാന്‍ ഉടന്‍ തുടങ്ങുമെന്നും ബോറിസ് മെയിലിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.
വര്‍ക്ക് ഫ്രം ഹോം നടപടിയാകാത്ത കാര്യമാണെന്ന് വ്യക്തമാക്കിയാണ് ആളുകളോട് ജോലിസ്ഥലത്തേക്ക് മടങ്ങിയെത്താന്‍ ബോറിസ് ജോണ്‍സണ്‍ നിര്‍ദ്ദേശിക്കുന്നത്. തൊഴിലിടങ്ങളില്‍ കൃത്യമായി ജോലിക്കാര്‍ എത്തിയെങ്കില്‍ മാത്രമാണ് ഉത്പാദനക്ഷമത വര്‍ദ്ധിച്ച്, ടൗണ്‍, സിറ്റി സെന്ററുകളെ പുനരുജ്ജീവിപ്പിക്കാന്‍ കഴിയുകയെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചു.
വൈറ്റ്ഹാളില്‍ പോലും സര്‍ക്കാര്‍ ജോലിക്കാര്‍ വര്‍ക്ക് ഫ്രം ഹോം തുടരുന്നത് പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നുണ്ട്. ഡിവിഎല്‍എ, പാസ്‌പോര്‍ട്ട് ഓഫീസ് എന്നിവിടങ്ങളില്‍ നേരിട്ട് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന തലത്തിലാണ് സിവില്‍ സര്‍വ്വീസുകാരുടെ വര്‍ക്ക് ഫ്രം ഹോം പുരോഗമിക്കുന്നത്. ഈ അവസരത്തിലാണ് പ്രധാനമന്ത്രി നിലപാട് കടുപ്പിക്കുന്നത്.
'വര്‍ക്ക് ഫ്രം ഹോമില്‍ കാപ്പി ഉണ്ടാക്കിക്കൊണ്ടേയിരിക്കും, ഇതിന് ശേഷം ഫ്രിഡ്ജിലേക്ക് മെല്ലെ നടന്ന് ചീസ് ചെറുതായി മുറിച്ച്, തിരിയെ ലാപ്‌ടോപ്പിന് അരികിലേക്ക് എത്തുമ്പോഴേക്കും എന്താണ് ചെയ്തതെന്ന് തന്നെ മറന്നിരിക്കും', വൈറ്റ്ഹാളിലെ വര്‍ക്ക് ഫ്രം ഹോം സംസ്‌കാരത്തെ കുറിച്ച് പ്രധാനമന്ത്രി പരിഹസിച്ചു.
അതേസമയം അനധികൃത കുടിയേറ്റക്കാരെ റുവാന്‍ഡയിലേക്ക് അയയ്ക്കാനുള്ള പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് ബോറിസ് വ്യക്തമാക്കി. ആദ്യത്തെ 50 അനധികൃത കുടിയേറ്റക്കാരെ രണ്ടാഴ്ചയ്ക്കുള്ളില്‍ നാടുകടത്തും. മനുഷ്യാവകാശത്തിന്റെ പേരില്‍ നിയമപരമായ കേസുകള്‍ നേരിടേണ്ടി വരുമെന്ന് ഉറപ്പാണെങ്കിലും നിലപാടില്‍ മാറ്റമില്ലെന്നാണ് പ്രധാനമന്ത്രിയുടെ നിലപാട്.