CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
33 Minutes 47 Seconds Ago
Breaking Now

ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് ശുചിമുറിയില്‍; വീഡിയോ പകര്‍ത്തിയ ഡോക്ടര്‍ക്ക് മര്‍ദ്ദനം; ഒടുവില്‍ ഹോട്ടല്‍ അടപ്പിച്ചു ; മൂന്നു പേര്‍ പിടിയില്‍

മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്.

പിലാത്തറയില്‍ ഹോട്ടല്‍ ജീവനക്കാര്‍ ശുചിമുറിയില്‍ ഭക്ഷണസാധനങ്ങളും പച്ചക്കറികളും സൂക്ഷിച്ചത് കണ്ടതോടെ ചോദ്യം ചെയ്ത ഡോക്ടര്‍ക്ക് മര്‍ദ്ദനം. കാസര്‍കോഡ് ബന്തടുക്ക പി എച്ച് എസ് സിയിലെ ഡോക്ടര്‍ സുബ്ബറായക്കാണ് മര്‍ദ്ദനമേറ്റത്. സംഭവത്തിന്റെ ഫോട്ടോയും വീഡിയോയും എടുക്കാന്‍ ശ്രമിച്ചപ്പോഴാണ് ഡോക്ടര്‍ക്ക് നേരെ അതിക്രമമുണ്ടായതെന്ന് പരാതിയില്‍ പറയുന്നു.

സംഭവത്തില്‍ കെസി ഹോട്ടലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ ഉള്‍പ്പെടെ മൂന്ന് ഹോട്ടല്‍ ജീവനക്കാരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പരിയാരം ഇന്‍സ്‌പെക്ടര്‍ കെവി ബാബു അറസ്റ്റ് ചെയ്തു.  കെസി ഹൗസില്‍ മുഹമ്മദ് മൊയ്തീന്‍(28), സഹോദരി സമീന(29), സെക്യൂരിറ്റി ജീവനക്കാരന്‍ ചെറുകുന്നിലെ ടി ദാസന്‍(70) എന്നിവരാണ് അറസ്റ്റിലായത്. മൊബൈല്‍ ഫോണ്‍ മോഷണം ഉള്‍പ്പെടെയുള്ള വിവിധ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്.

കൂടാതെ ഭക്ഷണ സാമഗ്രികള്‍ ശുചിമുറിയില്‍ സൂക്ഷിച്ച ഹോട്ടലിനെതിരെ നടപടിയും അധികൃതര്‍ കൈക്കൊണ്ടിട്ടുണ്ട്. ഒരാഴ്ച കാലത്തേക്ക് ഹോട്ടല്‍ അടച്ചിടാനാണ് ചെറുതാഴം പഞ്ചായത്ത് അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയത്. പിലാത്തറ കെഎസ്ടിപി റോഡിലുള്ള കെസി റസ്റ്റോറന്റില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയാണ് നടപടി എടുത്തത്.

ഭക്ഷ്യവകുപ്പിന്റെ പരിശോധനയില്‍ പഴകിയ പാല്‍, ഈത്തപ്പഴം, കടല എന്നിവ ഹോട്ടലില്‍ കണ്ടെടുത്തു. സ്ഥാപനത്തിന്റെ ലൈസന്‍സ് ഹാജരാക്കാനും ഭക്ഷ്യസുരക്ഷാ വകുപ്പ് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച ശേഷം ശുചിമുറിയില്‍ പോയപ്പോഴാണ് വൃത്തി ഹീനമായ വാഷ്‌റൂമില്‍ ഭക്ഷണ സാധനങ്ങളും പച്ചക്കറികളും മറ്റും സൂക്ഷിച്ചത് കണ്ടത്.

ഇതോടെ ഡോ.സുബ്ബരായ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുക്കുകയും ചെയ്തു. ഇത് കണ്ട് പ്രകോപിതരായ സെക്യൂരിറ്റി ദാസന്‍, ഉടമ മുഹമ്മദ്, സഹോദരി സമീന എന്നിവര്‍ ചേര്‍ന്ന് ഡോക്ടറെ മര്‍ദ്ദിക്കുകയും ചീത്തവിളിക്കുകയുമായിരുന്നു. പ്രശ്‌നം വേണ്ടെന്ന് പറഞ്ഞ് ഡോക്ടര്‍ എടുത്ത വീഡിയോ ഡിലീറ്റ് ചെയ്യാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്നാല്‍ മൂന്നുപേരും ചേര്‍ന്ന് ഡോക്ടറെ കയ്യേറ്റം ചെയ്യുകയും മൊബൈല്‍ ഫോണ്‍ പിടിച്ചു വാങ്ങുകയും ചെയ്തു.

ആരെയും ഇവിടെനിന്ന് പോകാന്‍ സമ്മതിക്കില്ലെന്ന് പറഞ്ഞ് ഭീഷണിമുഴക്കുകയും ചെയ്തു. ഇതോടെ സംഘത്തിലുണ്ടായിരുന്നവര്‍ പോലീസിനെ വിളിച്ചുവരുത്തുകയായിരുന്നു.

 




കൂടുതല്‍വാര്‍ത്തകള്‍.