ബെത്‌ലഹേമിലെ പുല്‍ക്കൂട്ടില്‍ ഭൂജാതനായ ദൈവപുത്രന്‍. നമ്മള്‍ കേട്ടറിഞ്ഞ കഥകളില്‍ ബെത്‌ലഹേമും, അവിടുത്തെ നക്ഷത്രങ്ങളും വരെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നു. യേശുദേവന്റെ ജന്മദിനമായി ക്രിസ്മസ് ആഘോഷിക്കുമ്പോള്‍ ബെത്‌ലഹേമിലെ ആഘോഷങ്ങള്‍ ഏത് വിധത്തിലായിരിക്കുമെന്നും ചിന്തിച്ച് പോകും. എന്നാല്‍ ഇക്കുറി ബെത്‌ലഹേമില്‍ ക്രിസ്മസ് ആഘോഷങ്ങള്‍ തന്നെ റദ്ദാക്കിയിരിക്കുകയാണ് പലസ്തീന്‍ അധികൃതര്‍ ചെയ്തിരിക്കുന്നത്.
ഇസ്രയേലുമായി യുദ്ധം തുടരുന്ന സാഹചര്യത്തില്‍ ഹമാസ് രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിക്കാനാണ് പലസ്തീന്‍ അധികൃതര്‍ ബെത്‌ലഹേമിലെ ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് വിലക്ക് പ്രഖ്യാപിച്ചത്. പരമ്പരാഗത ക്രിസ്മസ് ട്രീയും, ആഘോഷകാല ഡെക്കറേഷനുകളും കൊണ്ട് സമ്പന്നമാകാറുള്ള മാംഗര്‍ സ്‌ക്വയറില്‍ ഇക്കുറി വെളിച്ചം പോലും ഉണ്ടാകില്ലെന്നാണ് ബെത്‌ലഹേം മുനിസിപ്പാലിറ്റി പ്രഖ്യാപനം. ആധുനിക രീതിയില്‍ ആഘോഷം തുടങ്ങിയ ശേഷം ആദ്യമായാണ് ഇത്തരമൊരു നീക്കം.
യേശുക്രിസ്തു ജനിച്ചതായി അറിയപ്പെടുന്ന സ്ഥലത്താണ് ക്രിസ്മസ് ആഘോഷങ്ങള്‍ പൂര്‍ണ്ണമായി ഒഴിവാക്കപ്പെടുന്നത്. രക്തസാക്ഷികള്‍ക്ക് ആദരവ് അര്‍പ്പിച്ചു, ഗാസയിലെ ഞങ്ങളുടെ ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യവും പ്രഖ്യാപിച്ച് പതിവ് പദ്ധതികള്‍ റദ്ദാക്കുകയാണെന്ന് വെസ്റ്റ് ബാങ്ക് പട്ടണത്തിലെ അധികൃതര്‍ ടെലിഗ്രാഫിനോട് പറഞ്ഞു.
ആഘോഷപരിപാടികള്‍ ഒഴിവാക്കുമെങ്കിലും പരമ്പരാഗത ക്രിസ്മസ് മാസിനും, പ്രാര്‍ത്ഥനകള്‍ക്കും തടസ്സമുണ്ടാകില്ല. എന്നാല്‍ നഗരത്തിന്റെ ഒരു ഭാഗത്തും ക്രിസ്മസ് ട്രീയോ, വിളക്കുകളോ ഉണ്ടാകില്ല. ജെറുസലേമില്‍ നിന്നും ആറ് മൈല്‍ മാത്രം അകലെയാണ് നഗരം സ്ഥിതി ചെയ്യുന്നത്. ഗാസയ്ക്ക് നേരെ അക്രമം അരങ്ങേറുമ്പോള്‍ ഇത്തരം ആഘോഷങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നാണ് അധികൃതരുടെ നിലപാട്.
ക്രിസ്മസ് സീസണില്‍ ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള സഞ്ചാരികള്‍ ബെത്‌ലഹേം പട്ടണത്തില്‍ എത്താറുണ്ട്. ക്രിസ്ത്യാനികള്‍ മാംഗര്‍ സ്‌ക്വയറിയും, ചര്‍ച്ച് ഓഫ് നേറ്റിവിറ്റിയിലും തീര്‍ത്ഥയാത്രയും നടത്തും. യേശുവിന്റെ ജന്മസ്ഥലമായി അംഗീകരിക്കപ്പെടുന്ന ചര്‍ച്ചില്‍ നടക്കുന്ന ചടങ്ങുകള്‍ക്ക് ക്രിസ്തീയ വിശ്വാസികള്‍ക്ക് ഏറെ പ്രാധാന്യമുണ്ട്.