വെസ്റ്റ് ലണ്ടനില്‍ സിഖ് വിഭാഗക്കാരനായ 17-കാരനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ അറസ്റ്റിലായി. കൗമാരക്കാരന്‍ സിമര്‍ജീത്ത് സിംഗ് നാംഗ്പാലിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി. 71-കാരനായ ഒരാള്‍ ഉള്‍പ്പെടെയുള്ളവര്‍ കസ്റ്റഡിയില്‍ തുടരുകയാണ്.
ബുധനാഴ്ചയാണ് ഹൗണ്‍സ്ലോയിലെ ബര്‍കെറ്റ് ക്ലോസില്‍ തെരുവില്‍ അക്രമം അരങ്ങേറിയത്. വിവരം അറിഞ്ഞ് പോലീസ് സ്ഥലത്ത് എത്തുമ്പോള്‍ മാരകമായി കുത്തേറ്റ നിലയില്‍ കണ്ടെത്തിയ 17-കാരനെയാണ് കണ്ടെത്തിയത്. രക്ഷിക്കാനുള്ള ശ്രമങ്ങള്‍ വിഫലമായതോടെ നാംഗ്പാല്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.
21-കാരന്‍ അമന്‍ദീപ് സിംഗ്, 27-കാരന്‍ മഞ്ജീത്ത് സിംഗ്, 31-കാരന്‍ അജ്മീര്‍ സിംഗ് എന്നിവര്‍ക്കെതിരെയാണ് കൊലക്കുറ്റം ചുമത്തിയിരിക്കുന്നത്. സൗത്താളില്‍ നിന്നുമുള്ള പ്രതികളെ വെസ്റ്റ്മിന്‍സ്റ്റര്‍ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കുമെന്ന് മെറ്റ് പോലീസ് പറഞ്ഞു. പോലീസ് എത്തിച്ചേരുന്നതിന് മുന്‍പ് അക്രമത്തില്‍ പരുക്കേറ്റ രണ്ട് പ്രതികളെ ആശുപത്രിയില്‍ എത്തിച്ചിരുന്നു. ഇവരെ പിന്നീട് ഡിസ്ചാര്‍ജ്ജ് ചെയ്ത ശേഷമാണ് കസ്റ്റഡിയില്‍ എടുത്തത്.
മരണപ്പെട്ട കൗമാരക്കാരന്റെ കുടുംബാംഗങ്ങള്‍ക്ക് സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍മാര്‍ പിന്തുണ നല്‍കുന്നുണ്ട്. ഒരു കുടുംബവും ഈ വിധത്തിലുള്ള അനുഭവം നേരിടരുതെന്ന് ഡിറ്റക്ടീവ് സൂപ്രണ്ട് ഫിഗോ ഫൊറൗസന്‍ പറഞ്ഞു. 'ഈ സംഭവം ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണെന്ന കാര്യത്തില്‍ സംശയമില്ല. ഉത്തരവാദികളായവര്‍ക്കെതിരെ അധികാരം ഉപയോഗിച്ച് നടപടിയെടുക്കും', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.