ലോകസഭയില്‍ ചോദ്യം ചോദിക്കാന്‍ കോഴ വാങ്ങിയെന്ന ആരോപണം നേരിടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്രയ്‌ക്കെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങി. അഴിമതി നിരോധന സംവിധാനമായ ലോക്പാലില്‍ ബിജെപി എംപി നിഷികാന്ത് ദുബെ പരാതി നല്‍കിയിരുന്നു. ലോക്പാല്‍ ഇത് സിബിഐയുടെ പരിഗണനക്ക് അയച്ചതിനെതുടര്‍ന്നാണ് നടപടി ഉണ്ടായിരിക്കുന്നത്.
പ്രാഥമിക അന്വേഷണം സിബിഐ ആരംഭിച്ചെന്നും അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് എംപിക്കെതിരെ ക്രിമിനല്‍ കേസ് ചുമത്തണോ എന്ന കാര്യം തീരുമാനിക്കപ്പെടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
പരാതിയില്‍ പറയുന്ന ആരോപണങ്ങള്‍ മുന്‍നിര്‍ത്തി പൂര്‍ണതോതില്‍ അന്വേഷണം ആവശ്യമാണോ എന്ന് വിലയിരുത്തുകയാണ് പ്രാഥമിക അന്വേഷണത്തില്‍ സിബിഐ ചെയ്യുന്നത്. പരാതിയില്‍ കഴമ്പുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് വിശദാന്വേഷണത്തിലേക്ക് കടക്കും.
പ്രാഥമിക അന്വേഷണത്തിന്റെ വേളയില്‍ കുറ്റാരോപിതനെ അറസ്റ്റ് ചെയ്യാന്‍ സാധിക്കില്ല. എങ്കിലും മഹുവ മൊയ്ത്രയെ ചോദ്യം ചെയ്യാനും രേഖകള്‍ പരിശോധിക്കാനും സാധിക്കും. ലോക്പാല്‍ നിര്‍ദേശപ്രകാരമുള്ള അന്വേഷണമായതിനാല്‍ റിപ്പോര്‍ട്ടും ലോക്പാലിന് തന്നെയാകും സമര്‍പ്പിക്കുക.
പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ഉന്നയിക്കാന്‍ കോഴ വാങ്ങിയെന്നാണ് മഹുവ മൊയ്ത്രയ്‌ക്കെതിരായ ആരോപണം. ചോദ്യം ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരനന്ദനിയില്‍നിന്നും പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് ബിജെപി മഹുവയ്‌ക്കെതിരെ ആരോപിക്കുന്നത്. ബിജെപി എംപി നിഷികാന്ത് ദുബൈ ആണ് ലോക്പാലിന് പരാതി നല്‍കിയത്.