ഉത്തരകാശിയില്‍ നിര്‍മാണത്തിനിടെ ഇടിഞ്ഞ സില്‍ക്യാര തുരങ്കത്തിലെ രക്ഷാദൗത്യം പൂര്‍ണ വിജയം. 17 ദിവസം കുടുങ്ങിക്കിടന്ന 41 തൊഴിലാളികളെ രക്ഷിച്ച പുറത്തെത്തിച്ചു. രാത്രി പത്തോടെയാണ് തൊഴിലാളികളെല്ലാം പുറത്തെത്തിച്ചത്. ടണലിനുള്ളില്‍ തയാറാക്കിയ പ്രത്യേക ആശുപത്രിയില്‍ പരിശോധന നടത്തിയശേഷമാണ് 35 കിലോമീറ്റര്‍ അകലെയുള്ള ചിന്യാലിസോറിലെ ആശുപത്രിയിലേക്കു മാറ്റിയത്.
തൊഴിലാളികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി മോദി ഇവരുമായി വീഡിയോ കോളിലൂടെ സംസാരിച്ചു. കേന്ദ്രമന്ത്രി വികെ സിങ്ങും മുഖ്യമന്ത്രിയും സ്ഥലത്ത് നേരിട്ടെത്തി തുരങ്കത്തില്‍ അടപ്പെട്ട തൊഴിലാളികളെ സ്വീകരിച്ചു.
തുരക്കല്‍യന്ത്രം അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി തകരാറിലായതിനേത്തുടര്‍ന്നു മുടങ്ങിയ ദൗത്യം പിന്നീട് യന്ത്രസഹായം കൂടാതെയുള്ള മനുഷ്യപ്രയത്‌നത്തിലൂടെ പൂര്‍ത്തികരിക്കാന്‍ തീരുമാനിച്ചതാണു നിര്‍ണായകമായത്. ഇതുപ്രകാരം, ഡല്‍ഹിയില്‍നിന്ന് എത്തിയ 'റാറ്റ് മൈനേഴ്‌സ്' എന്ന വിദഗ്ധസംഘം ഇന്നലെ ജോലിയാരംഭിച്ചു.
തുരക്കല്‍യന്ത്രം പൂര്‍ത്തിയാക്കാന്‍ ബാക്കിവച്ച 12 മീറ്ററിലെ അവശിഷ്ടങ്ങളാണ് ഇവര്‍ക്കു നീക്കേണ്ടിയിരുന്നത്. അതിവേഗം അവര്‍ ദൗത്യം പൂര്‍ത്തിയാക്കി.
രക്ഷാപ്രവര്‍ത്തനം അവസാനഘട്ടത്തിലെത്തിയതോടെ തൊഴിലാളികള്‍ക്കായി വന്‍ക്രമീകരണങ്ങളാണ് ഒരുക്കിയത്.
ദൗത്യസ്ഥലത്ത് ഒരു താത്കാലിക ആശുപത്രിതന്നെ സജ്ജമാക്കി. അടിയന്തരചികിത്സ വേണ്ടവരെ ആശുപത്രിയിലേക്കു മാറ്റാന്‍ വ്യോമസേനയുടെ ചിനൂക് ഹെലികോപ്ടറും സ്ഥലത്ത് എത്തിച്ചു.