മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്‌സാലോജിക് സമര്‍പ്പിച്ച ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഇന്ന് പരിഗണിക്കും. എസ്എഫ്‌ഐഒ അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ടാണ് എക്‌സാലോജിക് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. അന്വേഷണം പ്രഖ്യാപിച്ചതിന് ആധാരമായ രേഖകള്‍ വിളിച്ചു വരുത്തണമെന്ന ആവശ്യവും ഹര്‍ജിയിലുണ്ട്.
അന്വേഷണം നിയമവിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹര്‍ജിയില്‍ കോടതിയുടെ നിലപാട് നിര്‍ണായകമാകും. ജസ്റ്റിസ് എം നാഗപ്രസന്നയുടെ സിംഗിള്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. എസ്എഫ്‌ഐഒ ഡയറക്ടര്‍ക്ക് വേണ്ടി ഹാജരാകുന്നത് കര്‍ണാടകയുടെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എഎസ്!ജി കുളൂര്‍ അരവിന്ദ് കാമത്ത് ആണ്.
വീണാ വിജയന്റെ കമ്പനിയായ എക്‌സാലോജികിന്റെ സേവന സാമ്പത്തിക ഇടപാട് രേഖകള്‍ തേടി എസ്‌ഐഎഫ്‌ഐഒ സമന്‍സയച്ചതിന് പിന്നാലെയാണ് കമ്പനി നിയമവഴിയില്‍ നീങ്ങിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി വീണാ വിജയന്‍ കര്‍ണാടക ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്.
മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണം ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് സമര്‍പ്പിച്ച ഹര്‍ജി കേരള ഹൈക്കോടതിയും ഇന്ന് പരിഗണിക്കുന്നുണ്ട്. കേസില്‍ അന്വേഷണം ആരംഭിച്ച സാഹചര്യത്തില്‍ ഹര്‍ജി കോടതി തീര്‍പ്പാക്കും. കെഎസ്‌ഐഡിസിയുടെ രേഖകള്‍ ആവശ്യപ്പെട്ട് കേന്ദ്ര കമ്പനികാര്യ മന്ത്രാലയം സമര്‍പ്പിച്ച ഹര്‍ജിയും ഇന്ന് കേരള ഹൈക്കോടതിയുടെ പരിഗണനയ്ക്ക് വരുന്നുണ്ട്.