തെലങ്കാനയില്‍ വാഹനാപകടത്തില്‍ ബിആര്‍എസ് എംഎല്‍എയ്ക്ക് ദാരുണാന്ത്യം. സെക്കന്തരാബാദ് കന്റോണ്‍മെന്റ് എംഎല്‍എ ലസ്യ നന്ദിത ആണ് മരിച്ചത്. മുപ്പത്തിയേഴ് വയസ്സായിരുന്നു.
വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.എക്‌സ്പ്രസ് വേയില്‍ നിയന്ത്രണം വിട്ട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചുകയറിയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഗറെഡ്ഡി ജില്ലയിലെ പതഞ്ചെരുവിലെ ഔട്ടര്‍ റിംഗ് റോഡിലാണ് അപകടം നടന്നത്. എസ് യുവിയില്‍ ലസ്യ നന്ദിത നഗരത്തിലേക്ക് മടങ്ങിവരുമ്പോള്‍ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
സംഭവസ്ഥലത്ത് വെച്ച് തത്ക്ഷണം തന്നെ എംഎല്‍എ മരിച്ചതായും പൊലീസ് പറയുന്നു. മുന്‍ ബിആര്‍എസ് നേതാവ് ജി സായന്നയുടെ മകളാണ് നന്ദിത.