CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Hours 1 Minutes 38 Seconds Ago
Breaking Now

കലാസ്വാദകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന 'സെവന്‍ ബീറ്റ്‌സ്‌സര്‍ഗ്ഗം സ്റ്റീവനേജ്' സംഗീതോത്സവം നാളെ; ഓ എന്‍ വി ട്രിബൂട്ടുകളുമായി 'സ്വരം' മാഗസിന്‍, 'മെഡ്‌ലി', 'ഗാനാമൃതം', 'നൃത്തലയം'; ശിങ്കാരി മേളം അടക്കം 60 ഓളം നൃത്തസംഗീത കലാ വിഭവങ്ങള്‍; പ്രവേശനം സൗജന്യം

സ്റ്റീവനേജ്: കലാസ്വാദകര്‍ ആവേശപൂര്‍വ്വം കാത്തിരിക്കുന്ന ഏറ്റവും വലിയ നൃത്തസംഗീതദൃശ്യ കലാമാമാങ്കത്തിന് നാളെ, ഫെബ്രുവരി 24 ന് ശനിയാഴ്ച സ്റ്റീവനേജിനടുത്ത വെല്‍വിന്‍ സിവിക്ക് സെന്ററില്‍ അരങ്ങേറും. കലാപരിപാടികളുടെ ആധിക്യവും, ഹാളിന്റെ സമയപരിമിതിയും നിമിത്തം ഏഴാമത് സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം നാളെ കൃത്യം ഉച്ചക്ക് ഒന്നരക്ക് തുടങ്ങുമെന്നും  ഇതൊരറിയിപ്പായി കണക്കാക്കണമെന്നും കോര്‍ഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ അറിയിച്ചു. താമസിച്ചെത്തുന്നവരുടെ അവസരം നഷ്ടപ്പെടാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. രാത്രി പത്തു മണിവരെ  നിജപ്പെടുത്തിയിരിക്കുന്ന  കലാമാമാങ്കത്തില്‍ പ്രവേശനം തികച്ചും സൗജന്യമാണ്.

ജനമനസ്സുകളില്‍ ചേക്കേറിയ നിരവധി നിത്യഹരിത ഗാനങ്ങള്‍ സമ്മാനിച്ച പത്മശ്രീ  ഓ എന്‍ വി കുറുപ്പ് മാഷിന് കലാഹൃദയങ്ങളോടു ചേര്‍ന്ന് പാവന അനുസ്മരണവും സംഗീതാര്‍ച്ചനയും  സംഗീതോത്സവ വേദിയില്‍ അര്‍പ്പിക്കും. ഓ എന്‍ വി ട്രിബൂട്ടുകളുമായി ഡോ.ശിവകുമാര്‍ തയ്യാറാക്കുന്ന 'സ്വരം' മാഗസിന്‍, യുവഗായകര്‍ ഒരുക്കുന്ന ഓ എന്‍ വി 'ഗാനാമൃതം', 'ടീം ലണ്ടന്‍' അവതരിപ്പിക്കുന്ന ഓഎന്‍ വി 'മെഡ്‌ലി', സര്‍ഗ്ഗം സ്റ്റീവനേജ് 'ടീന്‍സ്' ഒരുക്കുന്ന ഓ എന്‍ വി 'നൃത്തലയം' എന്നിവ ഓ എന്‍ വി അനുസ്മരണത്തിന്റെ ഭാഗമാകും. 'സര്‍ഗ്ഗ താളം' സ്റ്റീവനേജിന്റെ ബാനറില്‍ ജോണി കല്ലടാന്തി നേതൃത്വം നല്‍കുന്ന ശിങ്കാരി മേളം അടക്കം പ്രഗത്ഭരായ കലാകാരുടെ സര്‍ഗ്ഗ പ്രതിഭ തെളിയിക്കുന്ന 60 ല്‍ പരം സംഗീതനൃത്ത ഇനങ്ങള്‍ കൂടി ചേരുമ്പോള്‍ വര്‍ണ്ണാഭമായ കലാ വസന്തം ആവും വെല്‍വിന്‍ സിവിക് സെന്ററില്‍ ശനിയാഴ്ച പൂവിടുക.

സ്റ്റീവനേജ് മേയര്‍ കൗണ്‍സിലര്‍ മൈല ആര്‍സിനോ, പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകയും, സംരഭകയുമായ ഷൈനു ക്ലെയര്‍ മാത്യൂസ്, കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവും, എഴുത്തുകാരിയുമായ ആന്‍ പാലി തുടങ്ങിയവര്‍ സംഗീതോത്സവത്തില്‍ അതിഥികളായി സന്നിഹിതരാവും. 7 ബീറ്റ്‌സിന്റെ മുഖ്യ കോര്‍ഡിനേറ്റര്‍ ജോമോന്‍ മാമ്മൂട്ടില്‍ സ്വാഗതം ആശംസിക്കും. സണ്ണിമോന്‍ മത്തായി അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന വേദിയില്‍ , ഡോ. ശിവകുമാര്‍ 'സ്വരം' മാഗസിന്‍ പ്രകാശനം ചെയ്ത്, ഓ എന്‍ വി അനുസ്മരണ പ്രഭാഷണവും നടത്തും. അപ്പച്ചന്‍ കണ്ണഞ്ചിറ നന്ദി പ്രകാശിപ്പിക്കും.

യു കെ  മലയാളികളുടെ ചരിത്ര താളുകളില്‍ ഇടംപിടിച്ച അതുല്യ വ്യക്തിത്വങ്ങളെ വേദിയില്‍ ആദരിക്കുന്നതോടൊപ്പം, പ്രശസ്ത കലാകാരന്‍ ജിന്‍സണ്‍ ഇരിട്ടി രചനയും, സംവിധാനവും നിര്‍വ്വഹിക്കുകയും, പ്രശസ്ത പിന്നണി ഗായകന്‍ ജി വേണുഗോപാല്‍ ആദ്യമായി സംഗീത സംവിധാനം ചെയ്ത് ഗാനം ആലപിക്കുകയും ചെയ്ത 'ബിഹൈന്‍ഡ്' സിനിമയുടെ ഫസ്റ്റ് ടീസര്‍ റിലീസിങ് കര്‍മ്മവും നടക്കും. സദസ്സിന് മധുരഗാനങ്ങള്‍ ആവോളം ശ്രവിക്കുവാനും, നൃത്ത നൃത്ത്യങ്ങളുടെ വശ്യസുന്ദരവും, ചടുലവുമായ മാസ്മരികത വിരിയിക്കുന്ന  അരങ്ങില്‍, സദസ്സിനെ അത്ഭുതസ്തബ്ധരാക്കുന്ന വ്യത്യസ്ത കലാപ്രകടനങ്ങളും ആസ്വദിക്കുവാനുമുള്ള സുവര്‍ണ്ണാവസരമാവും വേദി സമ്മാനിക്കുക.

ചാരിറ്റി പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തില്‍ നിരവധി കുടുംബങ്ങള്‍ക്ക് താങ്ങും തണലുമായി മാറിയ സെവന്‍ ബീറ്റ്‌സ്, ജീവ കാരുണ്യ പ്രവര്‍ത്തനത്തിനായാണ് സംഗീതോത്സവ വരുമാനം ഉപയോഗിക്കുക. ആകര്‍ഷകമായ സമ്മാനം വാഗ്ദാനം ചെയ്യുന്ന 'ചാരിറ്റി റാഫിള്‍ ടിക്കറ്റ് ' നറുക്കെടുപ്പും, ജീവകാരുണ്യ ധനശേഖരണത്തിന്റെ  ഭാഗമായി നടത്തുന്നതാണ്. കേരളത്തനിമയില്‍ ചൂടുള്ള രുചിക്കൂട്ടുകളുമായി ഫുഡ് സ്റ്റോളുകള്‍ ഉച്ചക്ക് ഒരു മണിമുതല്‍ സിവിക്ക് ഹാളിനോടനുബന്ധിച്ചു തുറന്നു പ്രവര്‍ത്തിക്കുന്നതാണ്. സിവിക്ക് സെന്ററിന്റെ സമീപത്തായിത്തന്നെ  നാലോളം ഇടങ്ങളിലായി സൗജന്യ കാര്‍ പാര്‍ക്കിങ് സൗകര്യങ്ങളും ഉണ്ട്.

സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവര്‍ത്തനവും കൊണ്ട്, യൂകെ മലയാളികള്‍ ഹൃദയത്തിലേറ്റിയ സെവന്‍ ബീറ്റ്‌സ് സംഗീതോത്സവം, തിരക്കിട്ട ജീവിതത്തിനിടയില്‍ ശാന്തമായിരുന്ന്, ഉള്ളു നിറയെ ആനന്ദിക്കുവാനും,ആസ്വദിക്കുവാനും  സുവര്‍ണ്ണാവസരം ഒരുക്കുമ്പോള്‍, അതിന്റെ സീസണ്‍ 7 ന്റെ ഭാഗമാകുവാന്‍ ഏവരെയും ഹൃദയപൂര്‍വ്വം ക്ഷണിച്ചുകൊള്ളുന്നു.

 

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക:

 

സണ്ണിമോന്‍ മത്തായി :07727993229

ഡോ. ശിവകുമാര്‍ :0747426997

ജോമോന്‍ മാമ്മൂട്ടില്‍ :07930431445

മനോജ് തോമസ് :07846475589

അപ്പച്ചന്‍ കണ്ണഞ്ചിറ : 07737956977

 

വേദിയുടെ വിലാസം:

CIVIC CENTRE ,WELWYN , STEVENAGE, AL6 9ER

 




കൂടുതല്‍വാര്‍ത്തകള്‍.