CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
8 Hours 26 Minutes 25 Seconds Ago
Breaking Now

മധ്യപ്രദേശില്‍ കൂട്ടക്കൊലപാതകം, യുവാവ് കുടുംബത്തിലെ എട്ടുപേരെ കൊന്ന് ജീവനൊടുക്കി, കൊല്ലപ്പെട്ടവരില്‍ പിഞ്ചു കുഞ്ഞുങ്ങളും ഭാര്യയും

വിവാഹശേഷം ദിനേശിന്റെ നില വഷളായതായി നാട്ടുകാര്‍ പറയുന്നു

മധ്യപ്രദേശിലെ ചിന്ദ്വാര ജില്ലയില്‍ നാടിനെ നടുക്കി കൂട്ടക്കൊലപാതകം. 30 കാരനായ ദിനേശ് ഗോണ്ട എന്ന യുവാവ് തന്റെ കുടുംബത്തിലെ എട്ട് പേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്യുകയായിരുന്നു. അമ്മ സിയാബായി (55), ഭാര്യ വര്‍ഷ (23), സഹോദരന്‍ ശ്രാവണ്‍ കുമാര്‍ (35), ശ്രാവണിന്റെ ഭാര്യ ബാരതോബായി (30), സഹോദരി പാര്‍വതി (16), കൃഷ്ണ (5), സെവന്തി (4), ദീപ (1) എന്നിവരാണ് കൊല്ലപ്പെട്ടത്. എട്ടുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു. മുത്തശ്ശി രക്ഷപ്പെട്ടു.
ചിന്ദ്വാര നഗരത്തില്‍ നിന്ന് 145 കിലോമീറ്റര്‍ അകലെയുള്ള ആദിവാസി ഗ്രാമമായ ബോദല്‍ കച്ചാറിലാണ് പുലര്‍ച്ചെ 2.30നായിരുന്നു സംഭവം. കുടുംബം ഉറങ്ങിക്കിടക്കുമ്പോള്‍ ഭുര എന്ന ദിനേശ് ഗോണ്ട (30) കോടാലി ഉപയോഗിച്ച് എല്ലാവരെയും കൊലപ്പെടുത്തുകയായിരുന്നു.
അയല്‍വാസിയായി ബന്ധുവിനെയും ആക്രമിച്ചു. നിലവിളി കേട്ട് അയല്‍ക്കാര്‍ വീട്ടിലേക്ക് എത്തിയപ്പോള്‍ ദിനേശ് ഓടി രക്ഷപ്പെട്ടു. പിന്നീട് വീടിന് 100 മീറ്റര്‍ അകലെയുള്ള മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തി.
ആക്രമണത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. ഇയാള്‍ മാനസികാസ്വാസ്ഥ്യമുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞയാഴ്ചയാണ് ഇയാളുടെ വിവാഹം കഴിഞ്ഞത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിവാഹശേഷം ദിനേശിന്റെ നില വഷളായതായി നാട്ടുകാര്‍ പറയുന്നു. പ്രതി സ്‌കീസോഫ്രീനിയ ബാധിച്ച് ചികിത്സയിലായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചെന്ന് ജബല്‍പൂര്‍ സോണ്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ അനില്‍ സിംഗ് കുശ്വാഹ പറഞ്ഞു.





കൂടുതല്‍വാര്‍ത്തകള്‍.