സ്വര്‍ണക്കടത്തിന് പിടിയിലായത് തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫെന്ന് ശശി തരൂര്‍. ഇപ്പോള്‍ പാര്‍ട്ട് ടൈം ആയി മാത്രമാണ് തന്റെ ഓഫീസില്‍ ജോലി ചെയ്യുന്നതെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് ശശി തരൂര്‍ പ്രതികരിച്ചു. ശിവകുമാര്‍ പ്രസാദിന്റെ അറസ്റ്റ് ഞെട്ടിച്ചുവെന്ന് ശശി തരൂര്‍ പറഞ്ഞു. എയര്‍പോര്‍ട്ടുമായി ബന്ധപ്പെട്ട തന്റെ കാര്യങ്ങള്‍ ശിവകുമാര്‍ മുന്‍പ് നോക്കി നടത്തിയിരുന്നു. സര്‍വ്വീസ് കഴിഞ്ഞിട്ടും പാര്‍ട്ട് ടൈം ആയി തുടരാന്‍ അനുവദിച്ചത് ഡയാലിസിസ് ചെയ്യുന്നയാള്‍ എന്ന നിലയിലാണ്. അന്വേഷണ സംഘത്തിന് എല്ലാവിധ പിന്തുണയും നല്‍കുമെന്നും ഒരിളവും തേടുന്നില്ലന്നും തരൂര്‍ പറഞ്ഞു.
ശശി തരൂര്‍ എംപിയുടെ പേഴ്‌സണല്‍ സ്റ്റാഫിനെ സ്വര്‍ണ്ണക്കടത്തില്‍ കസ്റ്റംസാണ് പിടികൂടിയത്. ശിവകുമാര്‍ ഉള്‍പ്പെടെ രണ്ട് പേരെ ദില്ലി വിമാനത്താവളത്തില്‍ നിന്ന് പിടികൂടുകയായിരുന്നു. ഇവരില്‍ നിന്ന് 500 ഗ്രാം സ്വര്‍ണം പിടിച്ചെടുത്തതായാണ് റിപ്പോര്‍ട്ട്. വിദേശ യാത്ര കഴിഞ്ഞ് വന്ന ആളില്‍ നിന്ന് സ്വര്‍ണം കൈപ്പറ്റിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ രാവിലെ ദുബായില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം വാങ്ങിയത്.
അതേസമയം കോണ്‍ഗ്രസ് സിപിഐഎം സ്വര്‍ണ കടത്ത് സഖ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ആരോപിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്തുനിന്ന് ശശി തരൂരിന്റെ എതിര്‍സ്ഥാനാര്‍ത്ഥി കൂടിയാണ് രാജീവ് ചന്ദ്രശേഖര്‍.