CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
53 Minutes 3 Seconds Ago
Breaking Now

സംഗീതനൃത്ത വിസ്മയ വിരുന്നൊരുക്കുന്ന 'മഴവില്‍ സംഗീതം' ജൂണ്‍ 15ന് ബോണ്‍മൗത്തില്‍; 40 തിലധികം കലാപ്രതിഭകള്‍; ഏഴു മണിക്കൂര്‍ നീളുന്ന കലാപരിപാടികള്‍; ഏവര്‍ക്കും സ്വാഗതം

ലണ്ടന്‍: ബോണ്‍ മൗത്തിനെ സംഗീത മഴയില്‍ കുളിരണിയിക്കാന്‍ മഴവില്‍ സംഗീതം പതിനൊന്നാം വര്‍ഷവും എത്തുന്നു. ജൂണ്‍ 15ന് ബോണ്‍മത്തിലെ ബാറിംഗ്ടണ്‍ തീയേറ്ററില്‍ അരങ്ങേറുന്ന സംഗീതനൃത്ത സന്ധ്യയെ അവിസ്മരണീയമാക്കുവാന്‍ 40തിലധികം പ്രതിഭകളുടെ ഏഴുമണിക്കൂര്‍ നീളുന്ന കലാപരിപാടികളാണ് കലാസ്വാദകര്‍ക്ക് വേണ്ടി മുഖ്യ സംഘാടകരും ഗായകരുമായ അനീഷ് ജോര്‍ജിന്റെയും ടെസ്‌മോള്‍ ജോര്‍ജിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നത്.

യുകെ മലയാളികള്‍ക്ക് അവിസ്മരണീയമായ സംഗീത വിരുന്ന് സമ്മാനിക്കുന്ന യൂറോപ്പിലെ തന്നെ ഏറ്റവും പ്രശസ്തമായ നൃത്ത സംഗീത പരിപാടികളില്‍ ഒന്നാണ് മഴവില്‍ സംഗീതം. ഇക്കഴിഞ്ഞ 10 വര്‍ഷവും മികച്ച സംഗീതനൃത്ത ഹാസ്യ കലാപരിപാടികളുടെ ആഘോഷരാവ് ഒരുക്കിയിട്ടുള്ള മഴവില്‍ സംഗീത സായാഹ്നത്തില്‍ ഇത്തവണ യുകെയിലെ ഏറ്റവും പ്രശസ്തരായ നിരവധി ഗായകരും വാദ്യ കലാകാരന്മാരും നര്‍ത്തകരും ഹാസ്യ കലാപ്രതിഭകളുമെല്ലാം വേദിയില്‍ എത്തുമ്പോള്‍ യുകെയില്‍ ഇന്നുവരെ ദര്‍ശിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ കലാവിരുന്നായി മാറ്റുവാനുള്ള തയ്യാറെടുപ്പുകളാണ് അണിയറയില്‍ നടന്നുകൊണ്ടിരിക്കുന്നത് .

യുകെയിലെ നിരവധി അതുല്യരായ നൃത്ത സംഗീത പ്രതിഭകള്‍ക്ക് വളരുവാനുള്ള അവസരം ഒരുക്കിയിട്ടുള്ള മഴവില്‍ സംഗീതത്തിന് തുടക്കം കുറിച്ചത് 2012 ലാണ്. അനുഗ്രഹീത കലാപ്രതിഭകളും ഗായകരുമായ അനീഷ് ജോര്‍ജും പത്‌നി ടെസ്‌മോള്‍ ജോര്‍ജുമാണ് മഴവില്‍ സംഗീതത്തിന്റെ ആശയത്തിനും ആവിഷ്‌കാരത്തിനും പിന്നില്‍ പ്രവര്‍ത്തിച്ചു വരുന്നത്. ഇക്കഴിഞ്ഞ 10 വര്‍ഷങ്ങളില്‍ നടത്തിയ മികവാര്‍ന്ന പരിപാടികള്‍ കൊണ്ട് മലയാളി സമൂഹത്തിന്റെ സംഗീത വഴികളിലെ ജീവതാളമായി മാറിയ മഴവില്‍ സംഗീതത്തിന്റെ ഭാഗമായി എത്തിയ നൂറിലധികം പ്രതിഭകളില്‍ നിന്നും തെരഞ്ഞെടുത്ത 40ലധികം സംഗീത പ്രതിഭകളാണ് ഇത്തവണ നാദ വിസ്മയം തീര്‍ക്കുവാന്‍ എത്തുന്നത് .

യുകെയിലെ പ്രശസ്തമായ സന്തോഷ് നമ്പ്യാര്‍ നയിക്കുന്ന മ്യൂസിക് ബാന്റിന്റെ നേതൃത്വത്തിലുള്ള ലൈവ് ഓര്‍ക്കസ്ട്രയുടെ അകമ്പടിയോടും എല്‍ഇഡി സ്‌ക്രീനിന്റെ മികവിലുമാണ് അനുഗ്രഹീതരായ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കുന്നത്. അതോടൊപ്പം തന്നെ വൈവിധ്യമാര്‍ന്ന കലാപരിപാടികളും നയന മനോഹരങ്ങളായ നൃത്തരൂപങ്ങളും ഹാസ്യ കലാപ്രകടനങ്ങളുമെല്ലാം ഒത്തുചേരുമ്പോള്‍ യുകെ മലയാളികളുടെ ഓര്‍മ്മയില്‍ എന്നും തങ്ങി നില്‍ക്കുന്ന കലാസായാഹ്നത്തിനാണ് മഴവില്‍ സംഗീതം തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്

ഇന്ത്യന്‍ ചലച്ചിത്ര മേഖലകളിലെ സംഗീത സാമ്രാട്ടുകള്‍ക്ക് സംഗീതാര്‍ച്ചന അര്‍പ്പിക്കുവാനും ആദരവ് നല്‍കുവാനുമായി അവരുടെ പ്രശസ്ത ഗാനങ്ങളും വേദിയില്‍ ആലപിക്കും.

യുകെയിലെ കലാസാംസ്‌കാരിക സാമൂഹ്യ സംഘടന മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന അറിയപ്പെടുന്ന പ്രമുഖ വ്യക്തികളും മഴവില്‍ സംഗീതത്തിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ മുഖ്യാതിഥികളായി പങ്കെടുക്കുവാനായി എത്തിച്ചേരുന്നുണ്ട്.

അനീഷ് ജോര്‍ജ്ജ്, ടെസ്‌മോള്‍ ജോര്‍ജ്,ഷിനു സിറിയ്ക്ക്, ഡാന്റോ പോള്‍, സുനില്‍ രവീന്ദ്രന്‍, എന്നിവരുടെ നേതൃത്വത്തിലുള്ള 15 അംഗ കമ്മറ്റി എണ്ണയിട്ട യന്ത്രം പോലെയാണ് ഇത്തവണത്തേയും മഴവില്‍ സംഗീതത്തിന്റെ വിജയത്തിനുവേണ്ടി പ്രവര്‍ത്തിച്ചുവരുന്നത്.

 

ആലാപനം തപസ്യ ആക്കിയവരെയും നൃത്തചുവടുകള്‍ കൊണ്ട് സംഗീത വേദികളെ ധന്യമാക്കുന്ന എല്ലാ കലാകാരന് മാരെയും അതോടൊപ്പം തന്നെ ഏഴഴകിലുള്ള വര്‍ണ്ണക്കൂട്ടുകള്‍ ചാലിച്ച മഴവില്‍ സംഗീത സായാഹ്നത്തില്‍ പങ്കെടുത്ത് വിജയിപ്പിക്കുന്നതിനായി യുകെയിലെ എല്ലാ കലാസ്വാദകരെയും സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.

 

വേദിയുടെ വിലാസം:

Barrington Thetare, Penny's walk,

Ferndown, Bournmouth, BH22 9TH

 

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Aneesh George: 07915 061105

Shinu Cyriac : 07888659644

Danto Paul: 07551 192309

Sunil Raveendran:

07427 105530

 

അനീഷ് ജോര്‍ജ്.

 




കൂടുതല്‍വാര്‍ത്തകള്‍.