അസൂയാലുവായ ഭര്‍ത്താവ് ഭാര്യയുടെ കാമുകനെ വീഡിയോ കോള്‍ ചെയ്ത ശേഷം യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. സ്വന്തം കുട്ടിയുടെ മുന്നില്‍ വെച്ച് ക്രൂരകൃത്യം നടത്തിയ ശേഷം മൃതദേഹം സ്യൂട്ട്‌കെയ്‌സിലാക്കി നദിയില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്ന് കോടതി വിചാരണയില്‍ വ്യക്തമായി.
ഈസ്റ്റ് ലണ്ടനിലെ ഡോക്ക്‌ലാന്‍ഡ്‌സിലുള്ള ഫ്‌ളാറ്റില്‍ വെച്ചാണ് 24-കാരി സുമാ ബീഗത്തിനെ 47-കാരന്‍ അമിനാന്‍ റഹ്മാന്‍ അക്രമിച്ചത്. 2023 ഏപ്രില്‍ 29ന് രാത്രിയായിരുന്നു ക്രൂരത. സ്വന്തം പ്രായത്തിലുള്ള ഒരു പുരുഷനുമായി ഭാര്യക്ക് ബന്ധമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് ഭര്‍ത്താവ് രോഷാകുലനായത്.
ബീഗത്തിന്റെ കാമുകന്‍ ഷാഹിന്‍ മിയായെ റഹ്മാന്‍ വീഡിയോ കോള്‍ ചെയ്ത ശേഷം ഭാര്യയെ അക്രമിക്കുകയും, ഭീഷണി മുഴക്കുകയുമായിരുന്നു. മിയാ ആ സമയത്ത് യുഎഇയിലെ അബുദാബിയിലാണ് താമസിച്ചിരുന്നത്. രണ്ട് വയസ്സുള്ള മകനെയും അപകടപ്പെടുത്തുമെന്ന് റഹ്മാന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മിയാ കോടതിയില്‍ വ്യക്തമാക്കി. സംഭവങ്ങള്‍ നടക്കുമ്പോള്‍ കുഞ്ഞ് മുറിയിലുണ്ടായിരുന്നു.
സംഭവദിവസം റഹ്മാന്‍ ഫ്‌ളാറ്റില്‍ നിന്നും ഒരു സ്യൂട്ട്‌കെയ്‌സ് വലിച്ച് കൊണ്ടുപോകുന്ന സിസിടിവി ദൃശ്യങ്ങള്‍ കോടതിയില്‍ കാണിച്ചു. ഇതിന് ശേഷം ലിയാ നദിയുടെ റെയിലിംഗിന് മുകളിലൂടെയും ഇത് തള്ളിക്കൊണ്ട് പോകുന്ന ദൃശ്യങ്ങള്‍ ലഭിച്ചു. 2020-ല്‍ റഹ്മാനെ ഫോണിലൂടെ വിവാഹം ചെയ്താണ് ബംഗ്ലാദേശില്‍ നിന്നും ബീഗം യുകെയിലെത്തിയത്. മരിക്കുമ്പോള്‍ രണ്ട്, നാല് പ്രായമായ രണ്ട് കുഞ്ഞുങ്ങളുടെ അമ്മയായിരുന്നു ഇവര്‍. റഹ്മാന്‍ കൊലപാതക കുറ്റം നിഷേധിക്കുകയാണ്.