മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന രോഗികളെ കൊണ്ട് തന്റെ കാര്‍ കഴുകിച്ച മെന്റല്‍ ഹെല്‍ത്ത് നഴ്‌സിന്റെ പണിതെറിച്ചു. തെറാപ്പിയുടെ ഭാഗമായാണ് താന്‍ ഇവരെ ഇതിനായി വിനിയോഗിച്ചതെന്ന നഴ്‌സിന്റെ വാദം തള്ളിയാണ് നടപടി.
ഇപ്‌സ്വിച്ചില്‍ മാനസിക ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്ന പുരുഷ തടവുകാര്‍ക്കായുള്ള കെയര്‍ ഹോമില്‍ പ്രവര്‍ത്തിച്ചിരുന്ന ഇയാന്‍ ബ്രൗണിനാണ് വ്യത്യസ്തമായ ചികിത്സാരീതി പുലിവാലായി മാറിയത്. രോഗികള്‍ വെറുതെ പുറത്തിരുന്ന് പുകവലിക്കുന്നതിന് പകരം കൂടുതല്‍ ഉത്പാദനപരമായ കാര്യങ്ങള്‍ ചെയ്യണമെന്ന നിലയിലാണ് നഴ്‌സ് ഇക്കാര്യങ്ങള്‍ ചെയ്യിച്ചത്.
എന്നാല്‍ നഴ്‌സിന്റെ പ്രവൃത്തികള്‍ അപലപനീയമാണെന്നും, നഴ്‌സിംഗ് പ്രൊഫഷന്റെ അടിസ്ഥാന മൂല്യങ്ങള്‍ ലംഘിക്കുന്നതുമാണെന്ന് നഴ്‌സിംഗ് & മിഡ്‌വൈഫറി കൗണ്‍സില്‍ അച്ചടക്ക ഹിയറിംഗ് പറഞ്ഞു. 2018 ഫെബ്രുവരിയില്‍ നഴ്‌സായി ക്വാളിഫിക്കേഷന്‍ നേടിയ ബ്രൗണ്ടിന്റെ പ്രൊഫഷണല്‍ രഹിതമായ രീതികളെ കുറിച്ച് ആശങ്കകള്‍ ഉയര്‍ന്നിരുന്നു.
ആദ്യം ജോലി ചെയ്ത സ്ഥലത്തെ സഹജീവനക്കാരും, രോഗികളും ഇയാള്‍ക്കെതിരെ പരാതിപ്പെട്ടിരുന്നു. ഇതോടെ നടന്ന അന്വേഷണത്തില്‍ ബ്രൗണിന് താക്കീത് നല്‍കിയിരുന്നു. ഇതിന് ശേഷമാണ് ഇപ്‌സ്വിച്ചിലെ കെയര്‍ ഹോമില്‍ എത്തിയത്.
ഇവിടെ മെന്റല്‍ ഹെല്‍ത്ത് ആക്ടില്‍ പെട്ട നാല് അന്തേവാസികളെ കാര്‍ വൃത്തിയാക്കാന്‍ കൊണ്ടുപോകുകയായിരുന്നു. ഇവരില്‍ രണ്ട് പേര്‍ക്കാണ് പുറത്ത് പോകാന്‍ അനുമതിയുണ്ടായിരുന്നത്. ഈ വിഷയങ്ങളില്‍ കുറ്റം ചെയ്തതായി കണ്ടെത്തി എന്‍എംസി നഴ്‌സസ് രജിസ്റ്ററില്‍ നിന്ും ബ്രൗണിനെ പുറത്താക്കുകയാണ് ചെയ്തത്.