ആത്മഹത്യാ ചിന്തയുള്ള വിദ്യാര്‍ത്ഥിനിയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട പോലീസ് കോണ്‍സ്റ്റബിള്‍ ജയില്‍ശിക്ഷ കാത്തുനില്‍ക്കുന്നു. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസിലെ ഓഫീസറായിരുന്ന ഷാംറേസ് അര്‍ഷാദാണ് പൊതു ഓഫീസില്‍ അച്ചടക്കലംഘടനം നടത്തിയതായി ജൂറി ഐക്യകണ്‌ഠേന വിധിച്ചതോടെ ഞെട്ടിയത്.
മൂന്ന് സ്ത്രീകളും, ഒന്‍പത് പുരുഷന്‍മാരും അടങ്ങുന്ന ജൂറി കേവലം 75 മിനിറ്റ് കൊണ്ടാണ് പോലീസുകാരന്‍ കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിക്കൂട്ടില്‍ നിന്നും നിഷേധഭാവത്തില്‍ തലയാട്ടിയ 38-കാരന്‍ ദൈവത്തെ വിളിച്ചുപോയി. ലിവര്‍പൂള്‍ ക്രൗണ്‍ കോടതിയില്‍ നടന്ന നാല് ദിവസത്തെ വിചാരണയിലാണ് രണ്ട് മക്കളുടെ പിതാവായ അര്‍ഷാദ് സഹഉദ്യോഗസ്ഥനൊപ്പം 2020 ഒക്ടോബര്‍ 28ന് ഫാളോഫീല്‍ഡിലെ താമസ്ഥലത്ത് വിദ്യാര്‍ത്ഥി ആത്മഹത്യയ്ക്ക് ഒരുങ്ങുന്ന വിവരം ലഭിച്ച് എത്തിയത്.
ഇവര്‍ക്കുള്ള കെയര്‍ പ്ലാന്‍ കൈമാറിയ ശേഷം വിദ്യാര്‍ത്ഥിനിയെ ആശുപത്രിയിലും എത്തിച്ചു. ഇവിടം കൊണ്ട് തീരേണ്ട ഡ്യൂട്ടിയാണ് അര്‍ഷാദ് നീട്ടിക്കൊണ്ട് പോയതെന്ന് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. ഡ്യൂട്ടി പൂര്‍ത്തിയായ ശേഷം തന്റെ പോലീസ് മൊബൈല്‍ ഉപയോഗിച്ച് വിദ്യാര്‍ത്ഥിനിയുടെ വ്യക്തിഗത വിവരങ്ങള്‍ നേടിയ ശേഷം ഇവരെ ഫോണില്‍ വിളിക്കാന്‍ തുടങ്ങി.
ഡേറ്റിംഗിന് പോകാനും മറ്റും ഉപദേശിച്ച് തുടങ്ങി ഫോണ്‍ കോള്‍ മാസങ്ങളോളം നീളുകയും, ഒടുവില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഇവരുമായി ലൈംഗിക ബന്ധത്തില്‍ വരെ എത്തുകയുമായിരുന്നു. പെണ്‍കുട്ടിയുടെ അവസ്ഥ മനസ്സിലാക്കി ദുരുപയോഗം ചെയ്ത് സ്വന്തം ലൈംഗിക തൃപ്തിക്കായി ഉഫയോഗിക്കുകയാണ് ഉദ്യോഗസ്ഥന്‍ ചെയ്തതെന്ന് പ്രോസിക്യൂട്ടര്‍ ആരോപിച്ചു.
2021 ജൂലൈയില്‍ അര്‍ഷാദ് അറസ്റ്റിലായി. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം യുവതിയെ ബന്ധപ്പെടരുതെന്ന വിലക്ക് ലംഘിച്ച് ഇവരുടെ വീട്ടിലെത്തി ബഹളം വെച്ചു. ഭയന്ന് പോയ യുവതി പോലീസില്‍ വിളിക്കുകയായിരുന്നു. സുദീര്‍ഘമായ ശിക്ഷയാണ് കാത്തിരിക്കുന്നതെന്ന് ജഡ്ജ് അര്‍ഷാദിനോട് വ്യക്തമാക്കി.