പൊള്ളുന്ന ഓർമ്മകളും, ഒത്തിരിയേറെ ജീവിത അനുഭവങ്ങളും പേറുന്ന മണലാരണ്യത്തിലെ ഓർമ്മകൾ അയവിറക്കി, സൗദി അറേബ്യയിലെ ചെറു പട്ടണമായ നജറാനിൽ ജോലി ചെയ്ത്, യു.കെയിൽ ചേക്കേറിയ കുടുംബങ്ങൾ ഒന്നിച്ചുക്കൂടി. കഴിഞ്ഞ രണ്ടു പ്രാവശ്യം ഒന്നിച്ചു കൂടി സ്നേഹം പങ്കുവെച്ചു, പുതുക്കി വീണ്ടും കാണാമെന്നു പറഞ്ഞ് പിരിഞ്ഞ സുഹൃത്തുക്കൾ വീണ്ടും ഇത്തവണ തടാകങ്ങളുടെ നഗരമായ ലേക്ക് ഡിസ്ട്രിക്റ്റിൽ വെച്ച് ജൂണ്‍ 29 ശനിയാഴ്ച ഒത്തു ചേർന്നു. ചിരിയും ചിന്തയും വിനോദവും കൊണ്ട് സമ്പന്നമായ ഒരു ദിവസത്തിന്റെ ആഘോഷകാഴ്ചകളിൽ നൂറുകണക്കിന് നജ്റാൻ നിവാസികൾ പങ്കെടുത്തു. ഗൃഹാതുരുത്വമുണർത്തുന്ന ഒത്തിരി ഓർമ്മകൾ പങ്കുവെച്ച്, അടുത്ത വർഷം വീണ്ടും കാണാമെന്ന പ്രതീക്ഷയിൽ പിരിഞ്ഞപ്പോൾ ഏവരുടെയും കണ്ണുകൾ ഈറനണഞ്ഞു. സംഗമ പരിപാടികൾ സംഘടിപ്പിച്ച ശ്രീ. മാത്യു മാമൂടിന് ഏവരും നന്ദി അർപ്പിച്ചു. അടുത്ത വർഷം ജൂലൈ ആദ്യം നടക്കുന്ന സംഗമത്തിന് നേതൃത്വം നല്കാൻ ശ്രീ. ജോയ്സിനെ തിരഞ്ഞെടുത്തു. ആംസ്റ്റർഡാമിലേക്ക് ഒരു വിനോദ യാത്രയോടെയാണ് അടുത്ത വർഷത്തെ സംഗമം നടക്കുക.