CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 40 Seconds Ago
Breaking Now

ട്രംപ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് ; ആക്രമണങ്ങള്‍ മാസങ്ങള്‍ മുമ്പേ പ്രവചിച്ചു ?

യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്

കഴിഞ്ഞദിവസം പെന്‍സില്‍വാനിയയിലെ ബട്‌ലറില്‍ നടന്ന പ്രചാരണ റാലിക്കിടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. ഇപ്പോഴിതാ, ട്രംപിന് നേരെയുള്ള ആക്രമണം പ്രവചിക്കുന്ന നാല് മാസം മുമ്പുള്ള വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ്. മാര്‍ച്ച് 14ന് യൂട്യൂബില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍, ട്രംപിന്റെ വധശ്രമത്തെക്കുറിച്ച് തനിക്ക് ദൈവിക ദര്‍ശനമുണ്ടായതായി ബ്രാഡണ്‍ ബിഗ്‌സ് എന്നയാള്‍ പറയുന്നു. ഇയാളുടെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചിട്ടുള്ളത്. അയാളുടെ 'ദര്‍ശനങ്ങളും പ്രവചന മുന്നറിയിപ്പുകളും' പതിവായി വീഡിയോയിലൂടെ പോസ്റ്റ് ചെയ്യാറുണ്ട്.

'അദ്ദേഹത്തിന് നേരെയുള്ള ഒരു വധശ്രമം ഞാന്‍ കണ്ടു. ഒരു ബുള്ളറ്റ് അദ്ദേഹത്തിന്റെ ചെവിയ്ക്ക് സമീപത്തുകൂടെ പാഞ്ഞു. അത് കര്‍ണ്ണപുടം തകര്‍ത്തു. ഈ സമയത്ത് അദ്ദേഹം മുട്ടുകുത്തി വീഴുന്നത് ഞാന്‍ കണ്ടു'', ബ്രാഡണ്‍ ബിഗ്‌സ് പറയുന്നു. 

നിരവധിപ്പേരാണ് ബിഗ്‌സിന്റെ ഈ വീഡിയോ ഇപ്പോള്‍ ഷെയര്‍ ചെയ്യുന്നത്. പ്രാദേശിക സമയം ശനിയാഴ്ച രാവിലെ പെന്‍സില്‍വാനിയയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് ട്രംപിനു നേരെ ഒരാള്‍ വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ ട്രംപിന്റെ വലതുചെവിക്ക് പരിക്കേറ്റിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരെത്തി ഉടന്‍ തന്നെ ട്രംപിനെ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി. വലതുചെവിയുടെ മുകള്‍ഭാഗത്തായാണ് തനിക്ക് വെടിയേറ്റതെന്നും വെടിയൊച്ച കേട്ടപ്പോള്‍ തന്നെ എന്തോ കുഴപ്പമുണ്ടെന്ന് മനസിലായെന്നും ട്രംപ് അമേരിക്കന്‍ സാമൂഹ്യമാധ്യമമായ 'ട്രൂത്ത് സോഷ്യലി'ല്‍ കുറിച്ചു.

അതേസമയം, ട്രംപിന് നേരെ വധശ്രമം നടത്തിയ ഇരുപതുകാരന്റെ ചിത്രം അന്വേഷണ ഏജന്‍സി പുറത്തുവിട്ടു. തോമസ് മാത്യു ക്രൂക്കിന്റെ ചിത്രമാണ് ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ പുറത്തുവിട്ടത്. പെന്‍സില്‍വാനിയയിലെ ബെതല്‍ പാര്‍ക്ക് സ്വദേശിയാണ് ഇയാള്‍. ഇയാളുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് എ.ആര്‍15 സെമി ഓട്ടോമാറ്റിക് റൈഫിള്‍ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍ ഇയാളുടെ വോട്ടര്‍ രജിസ്‌ട്രേഷന്‍ കാര്‍ഡും കണ്ടെത്തിയിട്ടുണ്ട്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാരനായാണ് ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്നാല്‍ എന്തിനാണ് ഇയാള്‍ വെടിയുതിര്‍ത്തെന്നത് വ്യക്തമല്ല. പൊതുവെ നിശബ്ദനായ, ഏകാന്തത ഇഷ്ടപ്പെട്ടിരുന്ന ക്രൂക്ക് 2022ല്‍ ബെഥേല്‍ പാര്‍ക്ക് ഹൈസ്‌കൂളില്‍ നിന്ന് ബിരുദം നേടിയിരുന്നു. കൂടാതെ നാഷണല്‍ മാത്ത് ആന്റ് സയന്‍സ് ഇനിഷ്യേറ്റീവില്‍ നിന്ന് 'സ്റ്റാര്‍ അവാര്‍ഡ്' ലഭിച്ചിട്ടുണ്ട്. ബിരുദം നേടിയ ശേഷം നഴ്‌സിങ് ഹോമില്‍ ജോലി ചെയ്തു വരികയായിരുന്നു.

 

 

 




കൂടുതല്‍വാര്‍ത്തകള്‍.