CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
1 Minutes 51 Seconds Ago
Breaking Now

മത്സരവള്ളംകളിയ്‌ക്കൊപ്പം ലൈവ് സ്റ്റേജ് പ്രോഗ്രാമുകളും, 'കേരളാ പൂരം 2024'; യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരം

യു.കെയിലെ 140 ല്‍പ്പരം  മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയുടെ നേതൃത്വത്തില്‍ ആഗസ്റ്റ് 31 ശനിയാഴ്ച്ച  ഷെഫീല്‍ഡിനടുത്ത്  റോഥര്‍ഹാമിലെ മാന്‍വേഴ്‌സ് തടാകത്തില്‍ നടത്തപ്പെടുന്ന 'കേരളാ പൂരം 2024'നോട് അനുബന്ധിച്ച് സ്റ്റേജ് പരിപാടികള്‍ അവതരിപ്പിക്കുന്നതിന് യു.കെയിലെ ഗായകര്‍ക്കും നര്‍ത്തകര്‍ക്കും അവസരമുണ്ടായിരിക്കുമെന്ന് ജനറല്‍ കണ്‍വീനര്‍ അഡ്വ. എബി സെബാസ്റ്റ്യന്‍ അറിയിച്ചു.

വള്ളംകളി മത്സരം നടക്കുന്ന തടാകത്തിന് അഭിമുഖമായി മുന്‍വര്‍ഷങ്ങളില്‍ ക്രമീകരിച്ച മൈതാനിയിലായിരിക്കും ലൈവ് പ്രോഗ്രാം നടക്കുന്ന സ്റ്റേജ് സജ്ജീകരിക്കുന്നത്. ഓപ്പണ്‍ എയര്‍ സ്റ്റേജുകളില്‍ ഏറ്റവും സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്ന പത്ത് മീറ്റര്‍ നീളവും ആറ് മീറ്റര്‍ വീതിയുമുള്ള വലിയ സ്റ്റേജ് ആണ് ലൈവ് പ്രോഗ്രാമിന് അറേഞ്ച് ചെയ്തിട്ടുള്ളത്. രാവിലെ 10 മണി മുതല്‍ മത്സരങ്ങളുടെ ഇടവേളകളില്‍ സ്റ്റേജുകളില്‍ തനത് കേരളീയ കലാ രൂപങ്ങളും നൃത്ത സംഗീത ഇനങ്ങളും അരങ്ങേറുന്നതായിരിക്കും.

സ്റ്റേജ് പ്രോഗ്രാമുകള്‍ വിജയകരമായി ഏകോപിപ്പിക്കുന്നതിനായി മനോജ് കുമാര്‍ പിള്ള, അലക്‌സ് വര്‍ഗീസ് എന്നിവരുടെ  നേതൃത്വത്തിലുള്ള ടീമായിരിക്കും ഇത്തവണ സ്റ്റേജ് മാനേജ്‌മെന്റ് നടത്തുന്നത്. ലിറ്റി ജിജോ, ദീപാ നായര്‍, അമ്പിളി സെബാസ്റ്റ്യന്‍ എന്നിവരായിരിക്കും മറ്റ് ടീം അംഗങ്ങള്‍.  

യുക്മ ഒരു ജനകീയ സംഘടന എന്ന നിലയില്‍ ബ്രിട്ടണിലെ എല്ലാ മലയാളികളുടേയും പിന്തുണയോടെയാണ്  മത്സരവള്ളംകളി സംഘടിക്കുന്നത്. യുക്മയിലെ അംഗസംഘടകളില്‍ നിന്നുള്ളവര്‍ക്ക് പുറമേ മറ്റുള്ളവരുടേയും അകമഴിഞ്ഞ പിന്തുണയാണ് കഴിഞ്ഞ അഞ്ച് തവണയും ലഭിച്ചത്. അതിന്റെ പിന്‍ബലത്തിലാണ് കൂടുതല്‍ പരിപാടികളുമായി 'കേരളാ പൂരം 2024' സംഘടിപ്പിച്ചിരിക്കുന്നത്. ഏറ്റവും വലിയ ആകര്‍ഷണമായ മത്സരവള്ളംകളിയ്ക്ക് 27 ടീമുകളാണ് പങ്കെടുക്കുന്നത്. വള്ളംകളി മത്സരം നടക്കുന്നതിന്റെ ഇടവേളകളിലാവും സ്റ്റേജില്‍  വിവിധ കലാപരിപാടികള്‍ അരങ്ങേറുന്നത്. ഈ പരിപാടികള്‍ അവതരിപ്പിക്കുന്നതിന് താത്പര്യമുള്ള യുക്മ അംഗ അസ്സോസിയേഷനുകള്‍ക്കും യുക്മയുടെ  അഭ്യുദയകാംഷികള്‍ക്കും അവസരമുണ്ടായിരിക്കും.

യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഗമവേദിയായ യുക്മ കേരളപൂരം വേദിയില്‍, ആയിരക്കണക്കിന് കാണികളുടെ മുമ്പില്‍ തങ്ങളുടെ കലാപ്രാവീണ്യം പ്രദര്‍ശിപ്പിക്കുവാനുള്ള അസുലഭാവസരമാണ് കലാകാരന്‍മാര്‍ക്ക് യുക്മ ഒരുക്കുന്നത്. സിനിമാറ്റിക് ഡാന്‍സ്, ക്‌ളാസ്സിക്കല്‍ ഡാന്‍സ്, നാടന്‍ പാട്ട്, തനത് കേരളീയ കലാരൂപങ്ങള്‍, മ്യൂസിക് ബാന്‍ഡ്, മൈം തുടങ്ങി വൈവിദ്ധ്യമേറിയ ഇനങ്ങളാണ്  സംഘാടക സമിതി പ്രതീക്ഷിക്കുന്നത്.

'കേരളാ പൂരം 2024' വേദിയില്‍ പരിപാടികള്‍ അവതരിപ്പിക്കണമെന്ന് താത്പര്യമുള്ളവര്‍  കൂടുതല്‍ വിവരങ്ങള്‍ക്ക് മനോജ് കുമാര്‍ പിള്ള  07960357679, അലക്‌സ് വര്‍ഗീസ്  07985641921

 ലിറ്റി ജിജോ  07828424575 എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

'യുക്മ  കേരളാ പൂരം 2024': കൂടുതല്‍ വിവരങ്ങള്‍ക്ക് ഡോ. ബിജു പെരിങ്ങത്തറ (പ്രസിഡന്റ്): 07904785565,  കുര്യന്‍ ജോര്‍ജ് (ജനറല്‍ സെക്രട്ടറി): 07877348602, അഡ്വ. എബി സെബാസ്റ്റ്യന്‍ (ജനറല്‍ കണ്‍വീനര്‍): 07702862186,  ഷീജോ വര്‍ഗ്ഗീസ് (ഇവന്റ് കോര്‍ഡിനേറ്റര്‍): 07852931287  എന്നിവരെ ബന്ധപ്പെടേണ്ടതാണ്.

 

 

അലക്‌സ് വര്‍ഗ്ഗീസ്

(നാഷണല്‍ പി.ആര്‍.ഒ & മീഡിയ കോര്‍ഡിനേറ്റര്‍)

 

 




കൂടുതല്‍വാര്‍ത്തകള്‍.