നിപ രോഗ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗം സ്ഥിരീകരിച്ച 14 കാരന്റെ സ്വദേശമായ പാണ്ടിക്കാട്, പഠിക്കുന്ന സ്‌കൂള്‍ ഉള്‍പ്പെടുന്ന ആനക്കയം ഗ്രാമപഞ്ചായത്ത് പരിധികളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഉത്തരവിട്ടു.
പൊതുജനാരോഗ്യ നിയമം, ദുരന്ത നിവാരണ നിയമം എന്നിവ പ്രകാരമാണ് ഉത്തരവ്. ഗ്രാമപഞ്ചായത്ത് പരിധികളില്‍ ആള്‍ക്കൂട്ടം പൂര്‍ണ്ണമായും ഒഴിവാക്കണം. മുന്‍കൂട്ടി നിശ്ചയിച്ച വിവാഹം അടക്കമുള്ള ചടങ്ങുകള്‍ ഏറ്റവും പരിമിതമായ ആളെ മാത്രം വെച്ച് നടത്തണം.
മെഡിക്കല്‍ ഷോപ്പുകള്‍ ഒഴികെ കടകളും ഹോട്ടലുകളും രാവിലെ 10 മണി മുതല്‍ വൈകീട്ട് അഞ്ചു മണി വരെ മാത്രമേ പ്രവര്‍ത്തിക്കാവൂ. സിനിമാ തിയേറ്ററുകള്‍ പൂര്‍ണ്ണമായും അടച്ചിടും. സ്‌കൂളുകള്‍, കോളേജുകള്‍, മദ്രസകള്‍, അങ്കണവാടികള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവ പ്രവര്‍ത്തിക്കരുത്.