CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
6 Minutes 8 Seconds Ago
Breaking Now

18 വയസ്സാകും മുമ്പേ വിവാഹം നടത്തിയെന്ന പേരില്‍ പരാതി ; വിശദീകരണവുമായി മൊണലിസ ; ഹിന്ദു വിശ്വാസപ്രകാരം വിവാഹമെന്നും മതം മാറില്ലെന്നും വൈറല്‍ താരം

മോണലിസയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്നും അതില്‍ മതം മാറ്റത്തിന് പ്രസക്തിയില്ലെന്നും ഫര്‍മാന്‍ പറഞ്ഞു

തനിക്കു 18 വയസ്സ് പൂര്‍ത്തിയായെന്ന് കുംഭമേളയിലെ 'വൈറല്‍ സുന്ദരി' മോണലിസ ഭോസ്ലെ. ബുധനാഴ്ച്ച തിരുവനന്തപുരം അരുമാനൂര്‍ ക്ഷേത്രത്തില്‍ വിവാഹിതയായ മധ്യപ്രദേശിലെ ഖര്‍ഗാവ് സ്വദേശിനി മോണലിസയുടെ പ്രായത്തെ ചൊല്ലി വിവാദ മുണ്ടായതിനു പിന്നാലെയാണ് അവര്‍ ഇക്കാര്യം പറഞ്ഞത്. പതിനെട്ടു വയസ്സ് കഴിഞ്ഞില്ലെങ്കില്‍ എങ്ങനെയാണ് കെ-സ്മാര്‍ട്ട് വഴി റജിസ്റ്റര്‍ ചെയ്ത് വിവാഹ സര്‍ട്ടിഫിക്കറ്റ് കിട്ടുന്നതെന്ന് വരന്‍ യുപി ബാഗ്പത് സ്വദേശി മുഹമ്മദ് ഫര്‍മാന്‍ ചോദിച്ചു. പൂവാര്‍ ഗ്രാമപഞ്ചായത്തില്‍നിന്നുള്ള സര്‍ട്ടിഫിക്കറ്റും ലഭിച്ചെന്ന് ഫര്‍മാന്‍ പറഞ്ഞു.

മോണാലിസയ്ക്കു പ്രായപൂര്‍ത്തിയായിട്ടില്ലെന്നു കാട്ടി വിശ്വഹിന്ദുപരിഷത്ത് ഡിജിപിക്കു പരാതി നല്‍കിയിരുന്നു. വ്യാഴാഴ്ച തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മോണലിസയും ഫര്‍മാനും ആധാര്‍ കാര്‍ഡും ജനന സര്‍ട്ടിഫിക്കറ്റും കാണിച്ചു. മധ്യപ്രദേശില്‍നിന്നുള്ള ജനന സര്‍ട്ടിഫിക്കറ്റ് പ്രകാരം, 2008 ജനുവരി 1 ആണ് മോണലിസയുടെ ജനന തീയതി. ഉത്തരേന്ത്യന്‍ മാധ്യമങ്ങളില്‍ തങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട് ലൗ ജിഹാദ് എന്ന തരത്തില്‍ വാര്‍ത്തകള്‍ വരുന്നതു കൊണ്ടാണ് വാര്‍ത്താസമ്മേളനം വിളിച്ച് കാര്യങ്ങള്‍ വിശദീകരിക്കുന്നതെന്നും ഇരുവരും പറഞ്ഞു .

'നാഗമ്മ' എന്ന സിനിമയില്‍ അഭിനയിക്കാനാണ് മോണലിസയും ഫര്‍മാനും കേരളത്തിലെത്തിയത്.ഈ ചിത്രത്തിന്റെ ചിത്രീകരണ വേളയിലാണ് തമ്മില്‍ പരിചയപ്പെട്ടത്. ഒളിച്ചോടി വന്നതല്ല. പത്ത് ദിവസം മുമ്പാണ് പിതാവിന്റെ കൂടെ എത്തിയത്

ഹിന്ദു വിശ്വാസപ്രകാരമാണ് വിവാഹം കഴിച്ചതെന്നും മതം മാറില്ലെന്നും മോണലിസ പറഞ്ഞു. മോണലിസയുമായി പ്രണയത്തിലാണെന്നും ഒരുമിച്ചു ജീവിക്കാനാണ് തീരുമാനമെന്നും അതില്‍ മതം മാറ്റത്തിന് പ്രസക്തിയില്ലെന്നും ഫര്‍മാന്‍ പറഞ്ഞു. കേരളത്തില്‍ തന്നെ തുടരാനാണ് ആഗ്രഹിക്കുന്നത്. സര്‍ക്കാരിനോടു വലിയ നന്ദിയുണ്ട്. മന്ത്രിമാര്‍ ഉള്‍പ്പെടെ വിവാഹത്തിനു വരുമെന്നു കരുതിയില്ല. ഇവിടെ എല്ലാവരെയും ഒരുപോലെയാണ് കാണുന്നതെന്നും ഫര്‍മാന്‍ പറഞ്ഞു.

അതേസമയം, വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം 2009 ജനുവരി 21 ന് ജനിച്ച മൊണാലിസ 2025 ജനുവരി 21ന് പതിനാറാം പിറന്നാള്‍ ആഘോഷിച്ചിരുന്നെന്നും അതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് വിശ്വഹിന്ദു പരിഷത്ത് ജനറല്‍ സെക്രട്ടറി അനില്‍ വിളയില്‍ ഡിജിപിക്കു പരാതി നല്‍കിയിരിക്കുന്നത്.

 




കൂടുതല്‍വാര്‍ത്തകള്‍.