അമേരിക്കയിലെ വനവാസ ജീവിതത്തില്‍ നിന്നും മടങ്ങിവരാന്‍ ഹാരി രാജകുമാരന്‍ തന്റെ വിശ്വസ്തരായ ഉപദേശകരുടെ പിന്തുണ തേടിയതായി റിപ്പോര്‍ട്ട്. താന്‍ രാജകീയ ഡ്യൂട്ടി ചെയ്തിരുന്ന കാലത്തെ ആളുകളെ ബന്ധപ്പെട്ടാണ് സസെക്‌സ് ഡ്യൂക്ക് തിരിച്ചുവരവിന് പ്ലാന്‍ ചെയ്യുന്നത്. അമേരിക്കയിലെ വിദഗ്ധരുടെ ഉപദേശങ്ങളില്‍ അസംതൃപ്തരായതോടെയാണ് ഈ നീക്കം.
പിതാവുമായുള്ള ബന്ധം ശരിപ്പെടുത്തി യുകെയില്‍ കൂടുതല്‍ സമയം ചെലവിടാനുള്ള പദ്ധതിയ്ക്കാണ് മുന്‍ഗണ നല്‍കുന്നത്. ഇതുവഴി രാജകീയ ജീവിതത്തിലേക്ക് ഭാഗികമായി മടങ്ങിവരാനും ശ്രമിക്കുമെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ നാല് വര്‍ഷക്കാലമായി രണ്ട് മക്കള്‍ക്കൊപ്പം കാലിഫോര്‍ണിയയില്‍ താമസിക്കുന്ന ഹാരിയ്ക്കും, മെഗാനും പൂര്‍ണ്ണമായി മടങ്ങാന്‍ ഉദ്ദേശമില്ലെന്ന് തന്നെയാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.
ഇതിനിടെ മറ്റൊരു അമേരിക്കന്‍ പിആര്‍ ഉപദേശകനുമായും ദമ്പതികള്‍ പിരിഞ്ഞെന്നാണ് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷത്തിനിടെ പത്ത് ജീവനക്കാരാണ് ദമ്പതികളുടെ ജോലി ഉപേക്ഷിച്ചത്. എന്നാല്‍ ഹാരിയുടെ ബ്രിട്ടനിലേക്കുള്ള മടങ്ങിവരവ് എളുപ്പമാകില്ലെന്നതാണ് വാസ്തവം. പ്രത്യേകിച്ച് സഹോദരന്‍ വില്ല്യമുമായുള്ള ബന്ധം ശരിപ്പെടുത്തുന്നത് അത്ര പ്രായോഗികവുമല്ല.
ഇതിനകം തന്നെ പഴയ സുഹൃദ് വലയം ഹാരിയുടെ മടങ്ങിവരവിനുള്ള പദ്ധതികള്‍ ആവിഷ്‌കരിച്ച് തുടങ്ങിയെന്നാണ് സൂചന. യുകെയിലേക്ക് തിരിച്ചെത്തുമ്പോള്‍ വലിയ ഇളക്കവും, ബഹളും സൃഷ്ടിക്കാതെ സാധാരണ രീതിയില്‍ പരിപാടികളില്‍ പങ്കെടുത്താല്‍ പൊതുജനങ്ങളുടെ മനസ്സില്‍ വീണ്ടും ഇടംനേടാമെന്നാണ് ഇവര്‍ കരുതുന്നത്.