ഒസാമ ബിന്‍ ലാദന്റെ മകന്‍ ഹംസ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിട്ടില്ലെന്നും അല്‍-ഖ്വയ്ദയുടെ കമാന്‍ഡര്‍ സ്ഥാനം ഏറ്റെടുത്തതായും റിപ്പോര്‍ട്ട്. 2019 ലെ യുഎസ് വ്യോമാക്രമണത്തില്‍ ഹംസ കൊല്ലപ്പെട്ടുവെന്നായിരുന്നു ഇതുവരെയുള്ള വാദം. എന്നാല്‍, 'ഭീകരതയുടെ കിരീടാവകാശി' എന്നറിയപ്പെടുന്ന ഹംസ, അഫ്ഗാനിസ്ഥാനില്‍ പുതിയ പരിശീലന ക്യാമ്പുകള്‍ സ്ഥാപിക്കുന്നതിന് മേല്‍നോട്ടം വഹിക്കുകയും പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ആക്രമണം നടത്താനുള്ള ശേഷി നേടാന് ശ്രമിക്കുകയും അല്‍-ഖ്വയ്ദയുടെ പുനരുജ്ജീവനത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയാണെന്നും ബ്രിട്ടീഷ് മാധ്യമമായ മിറര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഹംസയുടെ നേതൃത്വം ഗ്രൂപ്പിനെ പുനരുജ്ജീവിപ്പിക്കുകയും താലിബാനുമായുള്ള ബന്ധം കൂടുതല്‍ ശക്തമാക്കുകയും ചെയ്യുന്നുവെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഹംസയുടെ സഹോദരന്‍ അബ്ദുല്ല ബിന്‍ ലാദനും അല്‍-ഖ്വയ്ദയുടെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാണെന്ന് കരുതപ്പെടുന്നു. ലാദന്‍ കുടുംബത്തിന്റെ നേതൃത്വത്തില്‍ ശക്തമായ ഒരു ഭീകര വംശം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഹംസ ബിന്‍ ലാദനും നാല് ഭാര്യമാരും സിഐഎയില്‍ നിന്ന് രക്ഷപ്പെടാന്‍ വര്‍ഷങ്ങളായി ഇറാനില്‍ അഭയം പ്രാപിച്ചതായി കരുതപ്പെട്ടിരുന്നു.
അഫ്ഗാനിസ്ഥാനില്‍ 2019 ലെ യുഎസ് വ്യോമാക്രമണത്തില്‍ ഇയാള്‍ മരിച്ചതായി യുഎസ് അവകാശപ്പെട്ടെങ്കിലും മരണം സ്ഥിരീകരിക്കാന്‍ ഡിഎന്‍എ തെളിവുകളൊന്നും ലഭിച്ചില്ല. അല്‍-ഖ്വയ്ദ അംഗങ്ങളുടെ ഇറാനിലേക്കും പുറത്തേക്കും സഞ്ചാരം സുഗമമാക്കുന്നതിന് വിവിധ അഫ്ഗാന്‍ പ്രവിശ്യകളില്‍ ഇയാള്‍ സുരക്ഷിത ഭവനങ്ങള്‍ ഉപയോഗിക്കുന്നതായി സമീപകാല രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നുവെന്നും മിറര്‍ റിപ്പോര്‍ട്ട് പറയുന്നു. ഹംസയുടെ അതിജീവനം ഇറാഖ് യുദ്ധത്തിന് ശേഷമുള്ള അല്‍-ഖ്വയ്ദയുടെ ഏറ്റവും ശക്തമായ പുനരുജ്ജീവനമാണെന്നും പാശ്ചാത്യ രാജ്യങ്ങളെ ലക്ഷ്യം വച്ചുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും തുടക്കമാകുമെന്ന ആശങ്കയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.