പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും, ചാന്‍സലര്‍ റേച്ചല്‍ റീവ്‌സും ചേര്‍ന്ന് നടപ്പാക്കുന്ന വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് വെട്ടിനിരത്തുന്ന പദ്ധതി വികലാംഗരായ പത്തില്‍ ഏഴ് പെന്‍ഷന്‍കാരെയും ബാധിക്കുമെന്ന് കണക്ക്. ഗവണ്‍മെന്റിന്റെ സ്വന്തം കണക്കുകളാണ് ഇത് സ്ഥിരീകരിക്കുന്നത്.
ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും പെന്‍ഷന്‍കാരില്‍ നിന്നും പണം ലാഭിക്കാനായി ലക്ഷക്കണക്കിന് പേര്‍ക്കുള്ള വിന്റര്‍ പേയ്‌മെന്റുകള്‍ പിന്‍വലിക്കാനുള്ള പദ്ധതിയാണ് ലേബര്‍ എതിര്‍പ്പുകള്‍ക്കിടയില്‍ സഭയില്‍ പാസാക്കിയെടുത്തത്. ഇത് 1.6 മില്ല്യണ്‍ വരുന്ന വികലാംഗത്വം ബാധിച്ച 71 ശതമാനത്തെയും ബാധിക്കുമെന്നാണ് കണക്കാക്കുന്നത്.
പെന്‍ഷന്‍ ക്രെഡിറ്റ് ലഭിക്കുന്നവര്‍ക്ക് മാത്രമായി വിന്റര്‍ ഫ്യൂവല്‍ പേയ്‌മെന്റ് പരിമിതപ്പെടുത്താനാണ് മാറ്റങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നത്. വികലാംഗത്വം ബാധിച്ചിട്ടുള്ള 71 ശതമാനം പേര്‍ക്കും ആനുകൂല്യം നഷ്ടമാകുമെന്ന് വര്‍ക്ക് & പെന്‍ഷന്‍സ് ഡിപ്പാര്‍ട്ട്‌മെന്റ് പ്രസിദ്ധീകരിച്ച പരിശോധനാ റിപ്പോര്‍ട്ട് വ്യക്തമാക്കി. സ്‌റ്റേറ്റ് പെന്‍ഷന് പുറമെ ഏതെങ്കിലും ഡിസെബിലിറ്റി ആനുകൂല്യം ലഭിക്കുന്നവരെ ഉള്‍പ്പെടുത്തിയാണ് പരിശോധന നടത്തിയത്.
എന്നാല്‍ ഇത് കണക്കുകളെ ആസ്പദമാക്കിയുള്ളതാണെന്നും, യഥാര്‍ത്ഥ ആഘാതം കണക്കാക്കുന്നില്ലെന്നും വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നു. വികലാംഗത്വം ബാധിച്ചവര്‍ക്കാണ് പേയ്‌മെന്റ് തുടര്‍ന്നും ലഭിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുകയെങ്കിലും ഭൂരിഭാഗത്തിനും ഇത് നഷ്ടമാകുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് സമ്മതിക്കുന്നു. ഇതിന് പുറമെ 80 വയസ്സ് കഴിഞ്ഞ 2.7 മില്ല്യണ്‍ പേര്‍ക്കും, 66 മുതല്‍ 79 വരെ പ്രായമുള്ള 7.3 മില്ല്യണ്‍ പേര്‍ക്കും ഇത് നഷ്ടമാകുമെന്നും വ്യക്തമായിട്ടുണ്ട്.