എന്‍എച്ച്എസ് മറ്റേണിറ്റി സേവനങ്ങള്‍ തകര്‍ച്ച നേരിടുന്നതായി റിപ്പോര്‍ട്ട്. വീഴ്ചകള്‍ സാധാരണമെന്ന മനോഭാവത്തിലേക്ക് മാറുന്നുവെന്നും റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു. നൂറുകണക്കിന് കുഞ്ഞുങ്ങളും, അമ്മമാരും മരിച്ച ഈസ്റ്റ് കെന്റ്, ഷ്രൂസ്ബറി, ടെല്‍ഫോര്‍ഡ് മറ്റേണിറ്റി വാര്‍ഡുകളില്‍ മാത്രമല്ല, രാജ്യത്ത് ഉടനീളം ഈ അവസ്ഥ വ്യാപകമാണെന്ന് കെയര്‍ ക്വാളിറ്റി കമ്മീഷന്റെ സുപ്രധാന റിവ്യൂ കണ്ടെത്തി.
സ്ഥിതി ദേശീയ നാണക്കേടാണെന്ന് ഹെല്‍ത്ത് സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പ്രതികരിച്ചു. മൂന്നില്‍ രണ്ട് സേവനങ്ങളും മെച്ചപ്പെടുത്തല്‍ ആവശ്യമുള്ളതോ, അല്ലെങ്കില്‍ അമ്മമാരുടെയും, കുഞ്ഞുങ്ങളുടെയും സുരക്ഷയ്ക്ക് അപര്യാപ്തമോ ആണെന്ന് സിക്യൂസി പറയുന്നു.
തെറ്റുകളില്‍ നിന്നും മറ്റേണിറ്റി യൂണിറ്റുകള്‍ പാഠം പഠിക്കുന്നില്ലെന്നതാണ് ഏറ്റവും വലിയ പ്രശ്‌നമായി റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവാദിത്വം ഏറ്റെടുക്കുന്നതിന് പകരം ഒഴിവാക്കാന്‍ കഴിയാത്ത സംഭവങ്ങളെന്ന നിലയിലാണ് ഇവ പരിഗണിക്കപ്പെടുന്നത്. ദേശീയ തലത്തില്‍ തന്നെ നടപടി ആവശ്യമാണെന്ന് റെഗുലേറ്റര്‍ അസാധാരണ നീക്കത്തില്‍ വ്യക്തമാക്കി. കുറവുകള്‍ പരിഹരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങളോട് കൂടിയ നിക്ഷേപം വേണമെന്നും സിക്യൂസി പറഞ്ഞു.
എന്നാല്‍ ആയിരക്കണക്കിന് ജീവനുകള്‍ പിടിച്ചുപറിക്കപ്പെടുന്ന സ്ഥിതിയില്‍ നിര്‍ദ്ദേശങ്ങള്‍ പര്യാപ്തമല്ലെന്ന് പ്രചാരകര്‍ കുറ്റപ്പെടുത്തി. മറ്റേണിറ്റി സേവനങ്ങള്‍ ശരിയാക്കുമെന്ന് ഹെല്‍ത്ത് സെക്രട്ടറി സ്ട്രീറ്റിംഗ് പ്രഖ്യാപിച്ചു. കണ്ടെത്തലുകള്‍ ദേശീയ നാണക്കേടാണ്. സ്ത്രീകള്‍ക്ക് ഇതില്‍ കൂടുതല്‍ അര്‍ഹതയുണ്ട്, പകുതി മറ്റേണിറ്റി യൂണിറ്റും നിലവാരമില്ലാത്ത പരിചരണം നല്‍കുന്നുവെന്ന സിക്യൂസി റിവ്യൂ അസ്വീകാര്യമാണ്, ഹെല്‍ത്ത് സെക്രട്ടറി പറഞ്ഞു.