ലണ്ടനില്‍ ഒരു ഗുരുവായൂരപ്പ ക്ഷേത്രസാക്ഷാത്കാരം ലക്ഷ്യമാക്കി പ്രവൃത്തിക്കുന്ന ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ (LHA) ഈ വര്‍ഷത്തെ ഓണാഘോഷം സെപ്റ്റംബര്‍ 28ന് വൈകിട്ട് 5:30 മുതല്‍ അരങ്ങേറും. മാസംതോറും സത്സംഗങ്ങളും ഭാരതീയ തനതു കലാരൂപങ്ങള്‍ ഉള്‍പ്പെടുത്തി വൈവിധ്യങ്ങളാര്‍ന്ന ആഘോഷങ്ങളും സംഘടിപ്പിക്കുന്ന LHA-യുടെ ഇക്കൊല്ലത്തെ ഓണാഘോഷവും വൈവിധ്യം നിറഞ്ഞതാണ്.ക്രോയ്ഡോണിലെ വെസ്റ്റ് തൊണ്‍ടന്‍ കമ്മ്യൂണിറ്റി ഹാളില്‍ സെപ്റ്റംബര്‍ 28 നു നടക്കുന്ന ആഘോഷ പരിപാടികള്‍ വ്യത്യസ്തത കൊണ്ടും മലയാള തനിമ കൊണ്ടും വേറിട്ട് നില്‍ക്കുന്നു.
മാവേലി എഴുന്നള്ളത്തോട് കൂടി സമാരംഭിക്കുന്ന കാര്യപരിപാടികള്‍ വിഭവസമൃദ്ധവും തികച്ചും സൗജന്യവുമായ ഓണസദ്യയോട് കൂടി അവസാനിക്കും.
താലപ്പൊലിയുടെയും താളഘോഷങ്ങളുടെയും അകമ്പടിയോടെ മഹാബലിയെ എതിരേറ്റുകൊണ്ടാണ് ആഘോഷ പരിപാടികളുടെ തുടക്കം. കുട്ടികള്‍ മാവേലി വേഷത്തിലെത്തുന്നു എന്നത് LHA യുടെ ഓണാഘോഷ പരിപാടികളുടെ പ്രത്യേകതയാണ്. ഔപചാരിക ഉദ്ഘാടനത്തിനും ഭദ്രദീപം തെളിയിക്കലിനും ശേഷം ഗാനസന്ധ്യ , കുട്ടികളുടെ നൃത്താര്‍ച്ചന, അനുഗ്രഹീത കലാകാരി ഐറീന മിഹേല്‌ക്കോവിച് (Irena Mihalkovich) അവതരിപ്പിക്കുന്ന മോഹിനിയാട്ടം, LHA അംഗങ്ങളുടെ മെഗാ തിരുവാതിര, സുപ്രസിദ്ധ സോപാന സംഗീതജ്ഞന്‍ വിശ്വജിത് തൃക്കാക്കര അവതരിപ്പിക്കുന്ന സോപാന സംഗീതം തുടങ്ങിയ തനതു കലാശില്പ്പങ്ങളുടെ അവതരണത്താല്‍ വേറിട്ടതാകുമെന്ന് സംഖാടകര്‍ അറിയിച്ചു. കേരളത്തിന്റെ തനത് ക്ഷേത്രകലകളില്‍ ഒന്നായ സോപാന സംഗീത മേഖലയില്‍ പ്രശസ്തനായ വിശ്വജിത്, ചെണ്ടയിലെ പഞ്ചാരി, പാണ്ടി, ചെമ്പട തുടങ്ങിയ ക്ഷേത്ര മേളങ്ങളിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
മുരളി അയ്യരുടെ നേതൃത്വത്തില്‍ പ്രത്യേക ദീപാരാധനയും തുടര്‍ന്ന് വിളമ്പുന്ന സാമ്പ്രദായിക ഓണസദ്യയും ആഘോഷപരിപാടികളുടെ മറ്റൊരു പ്രത്യേകതയാണ്.
സഹൃദയരായ കൂട്ടായ്മ അംഗങ്ങളുടെ സംഭാവനകള്‍ കൊണ്ടാണ് ലണ്ടന്‍ ഹിന്ദു ഐക്യവേദി സൗജന്യമായി പരിപാടികള്‍ സംഘടിപ്പിക്കുന്നത്. പതിവുപോലെ ഇക്കൊല്ലത്തെ ഓണാഘോഷവും ഓണസദ്യയും സൗജന്യമായാണ്. ഏവര്‍ക്കും സമൃദ്ധിയും സന്തോഷവും നിറഞ്ഞ ഓണാശംസകള്‍ നേരുന്നതോടൊപ്പം, ഒട്ടനവധി സാമൂഹിക-രാഷ്ട്രീയ- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കുന്ന ആഘോഷ പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി മോഹന്‍ജി ഫൗണ്ടേഷനോടൊപ്പം ലണ്ടന്‍ ഹിന്ദു ഐക്യവേദി അറിയിച്ചു.
ഓണാഘോഷത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ കാണുന്ന ലിങ്കില്‍ രെജിസ്റ്റര്‍ ചെയ്യേണ്ടതാണ് : Registration Form - ONAM 2024 (google.com)
മോഹന്‍ജി ഫൗണ്ടേഷനുമായി ചേര്‍ന്ന് ലണ്ടന്‍ ഹിന്ദു ഐക്യവേദി ലണ്ടനില്‍ പണികഴിപ്പിക്കുവാന്‍ ഉദ്ദേശിക്കുന്ന ഗുരുവായൂരപ്പക്ഷേത്രം, ശ്രീ ഗുരുവായൂരിലെ ക്ഷേത്ര മാതൃകയിലാണ് തന്നെയാണ് പണികഴിക്കുവാന്‍ ഒരുങ്ങുന്നത്. ലോകത്തിന്റെ നാനാഭാഗങ്ങളിലായി ഒട്ടേറെ സാമൂഹിക-സന്നദ്ധ-ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സംഘടനയാണ് മോഹന്‍ജി ഫൗണ്ടേഷന്‍. അഞ്ച് ഭൂഖണ്ഡങ്ങളിലായി 17 ല്‍ പരം രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന മോഹന്‍ജി ഫൗണ്ടേഷന്റെ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ ഇന്ന് 80 ല്‍ പരം രാജ്യങ്ങളിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. മോഹന്‍ജി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്റെ ആസ്ഥാനം സ്വിട്‌സര്‌ലാണ്ടിലാണ് സ്ഥിതി ചെയ്യുന്നത്. സ്വിസ് ഗവണ്‍മെന്റിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് മോഹന്‍ജി ഇന്റര്‍നാഷണല്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്. യുകെയിലെ സ്‌കോട്‌ലാന്‍ഡിലുള്ള അബെര്‍ഡീനില്‍ Mohanji Centre of Benevolence ഈ അടുത്തിടെ പ്രവര്‍ത്തനം ആരംഭിച്ചിരുന്നു.
For further details please contact
Suresh Babu: 07828137478, Vinod Nair : 07782146185 , Ganesh Sivan : 07405513236 , Geetha Hari: 07789776536
Venue: West Thornton Community Centre, 731-735, London Road, Thornton Heath, Croydon CR7 6AU