5.5 ശതമാനം ശമ്പളവര്‍ദ്ധനവ് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് അംഗങ്ങളായ നഴ്‌സുമാര്‍ തള്ളിയത് ലേബര്‍ ഗവണ്‍മെന്റിന് കനത്ത ആഘാതമാണ് സമ്മാനിച്ചത്. എന്നാല്‍ ഇതിന് പിന്നാലെ രാജ്യത്തെ ഏറ്റവും വലിയ വിദ്യാഭ്യാസ യൂണിയന്‍ ഇംഗ്ലണ്ടിലെ അധ്യാപകര്‍ക്ക് ഓഫര്‍ ചെയ്ത 5.5% ശമ്പളവര്‍ദ്ധന അംഗീകരിച്ചത് ഗവണ്‍മെന്റിന് ആശ്വാസമായി.
2024/25 വര്‍ഷത്തേക്കുള്ള ഓഫര്‍ അംഗീകരിക്കുന്നതായി നാഷണല്‍ എഡ്യുക്കേഷന്‍ യൂണിയനിലെ 95% അംഗങ്ങളും വോട്ടിംഗില്‍ വ്യക്തമാക്കി. ഏകദേശം 300,000 സ്‌റ്റേറ്റ് സ്‌കൂള്‍ അധ്യാപകരാണ് വോട്ട് ചെയ്തത്. 41% പേരാണ് വോട്ട് ചെയ്തത്.
2024/25 വര്‍ഷത്തേക്ക് സ്‌കൂളുകള്‍ 1.2 ബില്ല്യണ്‍ പൗണ്ട് അധിക ഫണ്ടിംഗ് ലഭിക്കും. കരാറിന്റെ ഭാഗമായുള്ള തുക നല്‍കാന്‍ ഇത് സഹായിക്കുമെന്ന് എന്‍ഇയു പറഞ്ഞു. അല്‍പ്പം ബുദ്ധിമുട്ടി നേടിയെടുത്ത ഈ കരാറില്‍ അംഗങ്ങള്‍ അഭിമാനിക്കുന്നു. എന്നാല്‍ സുപ്രധാന ശമ്പള വ്യത്യാസം വരുത്തുന്നതില്‍ ഇത് ആദ്യ നടപടി മാത്രമാണ്, യൂണിയന്‍ ജനറല്‍ സെക്രട്ടറി ഡാനിയേല്‍ കെബെഡെ പറഞ്ഞു.
കണ്‍സര്‍വേറ്റീവുകള്‍ക്ക് കീഴില്‍ ഇംഗ്ലണ്ടിലെ അധ്യാപക വരുമാനം കാല്‍ശതമാനം കുറയുകയാണ് ഉണ്ടായത്. സ്‌കോട്ട്‌ലണ്ടിനേക്കാള്‍ താഴെയാണ് ഇത്. ഈ പ്രസ്‌നം പരിഹരിക്കാന്‍ ഗവണ്‍മെന്റ് നടപടി സ്വീകരിക്കണം, കെബെഡെ വ്യക്തമാക്കി. യുകെയില്‍ ഏകദേശം 500,000 അധ്യാപകരാണുള്ളത്.