പാന്റില്‍ മൂത്രമൊഴിച്ചതിന് പിന്നാലെ അമ്മയുടെ കാമുകന്റെ ചവിട്ടേറ്റ് നാല് വയസുകാരന്‍ മരിച്ചു. മംബൈയിലെ നെഹ്റു നഗര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലുള്ള കുര്‍ള ഈസ്റ്റിലാണ് സംഭവം. സംഭവം നടക്കുമ്പോള്‍ മരിച്ച ഓംകാറിന്റെ (4) അമ്മ പൂജാകുമാരി ചന്ദ്രവംശി ജോലി സ്ഥലത്തായിരുന്നു.
സംഭവത്തിന് പിന്നാലെ കാന്റീന്‍ തൊഴിലാളിയും പൂജാകുമാരിയുടെ കാമുകനുമായ റിതേഷ് കുമാറിനെ കൊലപാതകക്കുറ്റം ചുമത്തി നെഹ്റു നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പ്രാദേശിക റെസ്റ്റോറന്റില്‍ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന പൂജാകുമാരി. സംഭവം നടന്ന ഒക്ടോബര്‍ 26 ന് ഉച്ചയ്ക്ക് ഒരു മണിയോടെ ജോലി സ്ഥലത്തായിരുന്നെന്നും പോലീസ് പറയുന്നു.
പൂജാകുമാരി ജോലിക്ക് പോകുമ്പോള്‍ നാലുവയസുകാരനായ ഓംകാറിനെ കൂടാതെ ആറ് വയസ്സുള്ള മകള്‍ സാക്ഷിയും കുര്‍ള ഈസ്റ്റിലെ പത്ര ചൗളിലെ വീട്ടിലുണ്ടായിരുന്നു. ജോലി കഴിഞ്ഞ് ഉച്ചയ്ക്ക് മൂന്നുമണിയോടെ പൂജാകുമാരി വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍, കടുത്ത വയറുവേദനയെ തുടര്‍ന്ന് ഓംകാര്‍ ഛര്‍ദ്ദിച്ചതായി മകള്‍ സാക്ഷിയാണ് അമ്മയോട് പറഞ്ഞത്.
കൂട്ടുകാരോടൊപ്പം കളിക്കുന്നതിനിടെ അബദ്ധത്തില്‍ പാന്റില്‍ മൂത്രമൊഴിച്ചതിനെ തുടര്‍ന്ന് വസ്ത്രം മാറാന്‍ വീട്ടിലെത്തിയതാണെന്നും ഈ സമയത്ത് റിതേഷ്, വയറ്റിലും കാലിലും നിരവധി തവണ ചവിട്ടിയെന്ന് ഓംകാര്‍, അമ്മയോട് പറഞ്ഞു. പിന്നാലെ, പൂജാകുമാരിയും വിവരമറിഞ്ഞെത്തിയ അയല്‍ക്കാരും കുട്ടിയെ മര്‍ദ്ദിച്ചതെന്തിനാണെന്ന് റിതോഷിനോട് ചോദിച്ചെങ്കിലും അതിന് പിന്നാലെ ഇയാള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയി.
ഇതിനിടെ തീര്‍ത്തും അവശനായ ഓംകാറിനെ അയല്‍വാസികളുടെ സഹായത്തോടെ പൂജാകുമാരി അടുത്തുള്ള ക്ലിനിക്കിലേക്ക് എത്തിച്ചു. എന്നാല്‍, കുട്ടിയുടെ ആരോഗ്യനില ആശങ്കാജനകമാണെന്നും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാനും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഓംകാറിനെ സിയോണ്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയി. എന്നാല്‍, ഓംകാറിന്റെ ജീവന്‍ രക്ഷിക്കാനായില്ല. കുട്ടി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി. കുട്ടി മരിച്ചതിന് പിന്നാലെ, പൂജാകുമാരി നെഹ്റു നഗര്‍ പൊലീസ് സ്റ്റേഷനില്‍ എഫ്ഐആര്‍ ഫയല്‍ ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് റിതേഷിനെ പോലീസ് അറസ്റ്റ് ചെയ്തത്.