രാഷ്ട്രീയ പാര്‍ട്ടികള്‍ക്കോ നേതാക്കള്‍ക്കോ വേണ്ടി ഒരു തിരഞ്ഞെടുപ്പിന്റെ തന്ത്രജ്ഞനായാല്‍ ലഭിക്കുന്ന പ്രതിഫലം 100 കോടി ആണെന്ന് വെളിപ്പെടുത്തി തിരഞ്ഞെടുപ്പ് നയതന്ത്രജ്ഞനും ജന്‍ സുരാജ് പാര്‍ട്ടി കണ്‍വീനറുമായ പ്രശാന്ത് കിഷോര്‍. ബിഹാറില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് പ്രശാന്ത് കിഷോര്‍ തന്റെ പ്രതിഫലം വെളിപ്പെടുത്തിയത്. വിവിധ സംസ്ഥാനങ്ങളിലെ പത്ത് സര്‍ക്കാരുകള്‍ തന്റെ തന്ത്രങ്ങള്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രശാന്ത് കിഷോര്‍ വേദിയില്‍ പറഞ്ഞു.
ക്യാമ്പയിനുകള്‍ക്ക് എവിടെ നിന്നാണ് പണം ലഭിക്കുന്നതെന്ന് ആളുകള്‍ തന്നോട് പതിവായി ചോദിക്കാറുണ്ടെന്ന് പറഞ്ഞാണ് പ്രശാന്ത് പ്രതിഫലം വെളിപ്പെടുത്തിയത്. 'എന്റെ പ്രചാരണത്തിനായി ടെന്റുകളും മേലാപ്പുകളും സ്ഥാപിക്കാന്‍ എനിക്ക് പണമില്ലെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ഞാന്‍ അത്രക്ക് ദുര്‍ബലനാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? ബിഹാറില്‍ എനിക്ക് ലഭിക്കുന്നത് പോലുള്ള പ്രതിഫത്തെക്കുറിച്ച് ആരും കേട്ടിട്ടില്ല. ആര്‍ക്കെങ്കിലും ഒരു തിരഞ്ഞെടുപ്പിന് തന്ത്രം പറഞ്ഞ് കൊടുത്താല്‍ എനിക്ക് ലഭിക്കുന്നത് നൂറ് കോടിയും അതില്‍ കൂടുതലുമാണ്. അടുത്ത രണ്ട് വര്‍ഷം കൂടി ഒരു തിരഞ്ഞെടുപ്പിന്റെ പ്രതിഫലം കൊണ്ട് എനിക്ക് പ്രചാരണങ്ങള്‍ നടത്താനാവും'- പ്രശാന്ത് കിഷോര്‍ പറഞ്ഞു