പാലക്കാട്ടെ കള്ളപ്പണ ആരോപണത്തില്‍ കോണ്‍ഗ്രസിന് എതിരെ സിപിഐഎം നല്‍കിയ പരാതിയില്‍ കേസെടുക്കാതെ പൊലീസ്. സിസിടിവി പരിശോധിച്ചതില്‍ നിന്ന് ഹോട്ടലില്‍ എത്തിച്ച ട്രോളി ബാഗില്‍ പണമാണെന്ന് തെളിയിക്കാന്‍ ആകില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സിപിഐഎമ്മിന്റെ പരാതിയില്‍ നിയമോപദേശം തേടാനാണ് പൊലീസിന്റെ നീക്കം. സംഭവത്തില്‍ ദുരുഹതയില്ലെന്ന് പ്രാഥമിക നിഗമനം. കൂടുതല്‍ തെളിവുകള്‍ ലഭിച്ചാല്‍ കേസെടുത്തേക്കും.
കെപിഎം ഹോട്ടലില്‍ എത്തിച്ച ട്രോളി ബാഗില്‍ പണമാണെന്ന് പൊലീസിന് തെളിയിക്കാനായിട്ടില്ല. ട്രോളി ബാഗുമായി മുറിയിലെത്തിയ ഫെനി ചിലവഴിച്ചത് 48 സെക്കന്റ് മാത്രമാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ പിന്‍വാതിലിലൂടെ പുറത്ത് പോയെന്ന് പറയുന്നതും തെറ്റാണ്. നീല ട്രോളി ബാഗില്‍ തന്റെ വസ്ത്രങ്ങള്‍ ആയിരുന്നു എന്നാണ് രാഹുല്‍ വ്യക്തമാക്കിയിരുന്നത്.
താന്‍ ഹോട്ടലില്‍ നിന്ന് പിന്‍വാതിലൂടെ പുറത്തേക്ക് ഇറങ്ങിയെന്ന ആരോപണം തെളിക്കുന്ന എന്തെങ്കിലും സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാന്‍ വെല്ലിവിളിച്ചുകൊണ്ടാണ് പാലക്കാട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ ആരോപണങ്ങള്‍ക്ക് പ്രതിരോധം തീര്‍ത്തത്. തന്റ നീല ട്രോളി ബാഗ് പരിശോധിക്കാന്‍ പൊലീസിന് നല്‍കാന്‍ തയാറാണെന്നും പെട്ടിയില്‍ പണമുണ്ടെന്ന് തെളിയിച്ചാല്‍ ആ നിമിഷം താന്‍ പ്രചാരണം നിര്‍ത്താന്‍ തയാറാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ വെല്ലുവിളിച്ചു. പൊലീസിന് ആ പണം കണ്ടെത്തി ആരോപണങ്ങള്‍ തെളിയിക്കാന്‍ വളരെയെളുപ്പമല്ലേ എന്നിട്ടും ഇതുവരെ പണമെവിടെയെന്ന് കണ്ടെത്താത്തത് എന്താണെന്നും രാഹുല്‍ ചോദിച്ചു. പൊലീസും പാര്‍ട്ടി മാധ്യമവും വരെ സംഭവം നടക്കുമ്പോള്‍ ഇവിടെയുണ്ടായിരുന്നു. സംശയാസ്പദമായി ഒരു തെളിവും അവര്‍ക്കാര്‍ക്കും ഇതുവരെ കിട്ടിയിട്ടില്ല. ഇവരെയൊക്കെ നിയന്ത്രിക്കാന്‍ തനിക്ക് കഴിയുമെന്നാണെങ്കില്‍ തന്നെ എല്‍ഡിഎഫ് കണ്‍വീനറാക്കിക്കൂടേയെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പരിഹസിച്ചു.