CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
19 Hours 58 Minutes 8 Seconds Ago
Breaking Now

ലൈംഗിക വേട്ടക്കാരന് സംരക്ഷണം; വിവാദങ്ങള്‍ക്കൊടുവില്‍ ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിന്റെ മുഖ്യ ഇടയന്‍ രാജിവെച്ചു; കുറ്റവാളിയെ നിയമത്തിന് മുന്നിലെത്തിക്കാന്‍ കഴിയാതെ പോയത് നാണക്കേടെന്ന് കുറ്റസമ്മതം; ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടില്‍ കൂടുതല്‍ തലകള്‍ ഉരുളണമെന്ന് ഇരകള്‍

ക്രിസ്ത്യന്‍ സമ്മര്‍ ക്യാംപുകള്‍ നയിച്ചിരുന്ന ലേ റീഡര്‍ ഹാംപ്ഷയര്‍ പോലീസിന്റെ അന്വേഷണം നേരിടവെയാണ് 2018-ല്‍ 75-ാം വയസ്സില്‍ മരണപ്പെട്ടത്

ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിനെയും, വിശ്വാസികളെയും പിടിച്ചുകുലുക്കി ലൈംഗിക വേട്ടക്കാരനെ സംരക്ഷിച്ചെന്ന ആരോപണത്തില്‍ കാന്റര്‍ബറി ആര്‍ച്ച്ബിഷപ്പ് ജസ്റ്റിന്‍ വെല്‍ബി രാജിവെച്ചു. നൂറുകണക്കിന് കുട്ടികളെയും, യുവാക്കളെയും ലൈംഗിക വേട്ടയ്ക്ക് ഇരയാക്കി ഉന്നത ബാരിസ്റ്ററും, ലേ ചര്‍ച്ച് റീഡറുമായ ജോണ്‍ സ്മിത്തിനെ തടയുന്നതില്‍ പരാജയപ്പെട്ടത് നാണക്കേടാണെന്ന് സമ്മതിച്ചാണ് ജസ്റ്റിന്‍ വെല്‍ബി ആംഗ്ലിക്കന്‍ ചര്‍ച്ചിന്റെ നേതൃസ്ഥാനം ഒഴിഞ്ഞത്. 

യുകെയിലും, സൗത്ത് ആഫ്രിക്കയിലുമായി അഞ്ച് ദശകത്തോളം നീണ്ട ലൈംഗിക വേട്ടയില്‍ 130-ലേറെ ആണ്‍കുട്ടികളാണ് ക്രൂരമായി ലൈംഗികവും, ശാരീരികവും, മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരകളായത്. 2018-ല്‍ ഇയാള്‍ മരണപ്പെട്ടു. എന്നാല്‍ കുറ്റകൃത്യ പരമ്പര നടത്തിയ സ്മിത്തിനെ നിയമത്തിന് മുന്നിലെത്തിക്കാന്‍ നടപടി കൈക്കൊണ്ടില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട് കണ്ടെത്തിയതോടെയാണ് ആര്‍ച്ച്ബിഷപ്പ് കുരുക്കിലായത്. 

സ്ഥാനത്ത് പിടിച്ചുനില്‍ക്കാന്‍ ജസ്റ്റിന്‍ വെല്‍ബി ശ്രമിച്ചെങ്കിലും സീനിയര്‍ ബിഷപ്പുമാര്‍ ഉള്‍പ്പെടെ വിമര്‍ശനം ഉന്നയിക്കുകയും, രാജിവെയ്ക്കാന്‍ ആവശ്യപ്പെട്ടുള്ള പെറ്റീഷനില്‍ 12,000-ലേറെ പേരുടെ ഒപ്പ് ലഭിക്കുകയും, പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മര്‍ പിന്തുണ നല്‍കാന്‍ തയ്യാറാകാതെയും വന്നതോടെയാണ് വെല്‍ബിക്ക് രാജിവെയ്‌ക്കേണ്ടി വന്നത്. എന്നാല്‍ ആര്‍ച്ച്ബിഷപ്പിന്റെ രാജിയ്ക്ക് പിന്നാലെ മാകിന്‍ റിപ്പോര്‍ട്ടില്‍ സ്മിത്തിന്റെ പീഡനങ്ങളെ കുറിച്ച് അറിഞ്ഞിട്ടും മിണ്ടാതിരുന്ന മറ്റ് ഉന്നതരും പുറത്ത് പോകണമെന്ന് ഇരകളുടെ ഹൗസ് ഓഫ് സര്‍വൈവേവ്‌സ് ആവശ്യപ്പെട്ടു. 

'കൂടുതല്‍ രാജികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ആര്‍ച്ച്ബിഷപ്പിനെ മാത്രം ബലിയാടാക്കരുത്. കാര്യങ്ങള്‍ അറിവുള്ള പുരോഹിതന്‍മാരുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട്', അവര്‍ പറഞ്ഞു. നിലവില്‍ ലിങ്കണ്‍ ബിഷപ്പായ സ്റ്റീഫന്‍ കോണ്‍വേ ഉള്‍പ്പെടെ രാജിവെയ്ക്കാന്‍ സമ്മര്‍ദം നേരിടുന്നുണ്ട്. 2013-ല്‍ സ്മിത്തിനെതിരെ നടപടിയെടുക്കാത്തതിന് ബിഷപ്പ് മാപ്പ് പറഞ്ഞിരുന്നു. 

1970-കള്‍ മുതല്‍ മരണം വരെ സ്മിത്ത് 130-ലേറെ ആണ്‍കുട്ടികളെയും, യുവാക്കളെയും ലൈംഗികവും, മാനസികവുമായ പീഡനങ്ങള്‍ക്ക് ഇരകളാക്കിയെന്നാണ് കണ്ടെത്തല്‍. ക്രിസ്ത്യന്‍ സമ്മര്‍ ക്യാംപുകള്‍ നയിച്ചിരുന്ന ലേ റീഡര്‍ ഹാംപ്ഷയര്‍ പോലീസിന്റെ അന്വേഷണം നേരിടവെയാണ് 2018-ല്‍ 75-ാം വയസ്സില്‍ മരണപ്പെട്ടത്. 




കൂടുതല്‍വാര്‍ത്തകള്‍.