14 മണിക്കൂറിനിടെ രണ്ട് ഇഞ്ച് വരെ മഴ പെയ്യുന്നതോടെ ബ്രിട്ടനില്‍ വീണ്ടും വെള്ളപ്പൊക്കത്തിന് സാധ്യത കല്‍പ്പിച്ച് മെറ്റ് ഓഫീസ്. കോണാള്‍ കൊടുങ്കാറ്റ് ബ്രിട്ടനിലേക്ക് എത്തുന്നതോടെയാണ് മഴ കനക്കുന്നത്.
കഴിഞ്ഞ വീക്കെന്‍ഡില്‍ ബെര്‍ട്ട് കൊടുങ്കാറ്റ് 82 വേഗത്തിലുള്ള കാറ്റിനൊപ്പം സുപ്രധാനമായ തോതില്‍ വെള്ളപ്പൊക്കവും സൃഷ്ടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡച്ച് വെതര്‍ സര്‍വ്വീസ് കോണാള്‍ എന്നുപേരിട്ട കൊടുങ്കാറ്റിന്റെ വരവ്.
അര്‍ദ്ധരാത്രിയോടെ സതേണ്‍ ഇംഗ്ലണ്ടില്‍ അതിശക്തമായ മഴയുമായി കോണാള്‍ പ്രവേശിക്കുമെന്നായിരുന്നു മെറ്റ് ഓഫീസ് വ്യക്തമാക്കിയിരുന്നത്. സസെക്‌സ്, കെന്റ്, ഐല്‍ ഓഫ് വൈറ്റ് എന്നിവിടങ്ങളിലാണ് മഴ സാരമായി മാറുകയെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നു. ഇന്ന് ഉച്ചയ്ക്ക് 12 വരെ മഞ്ഞ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
ട്രെയിനുകളും, ബസുകളും തടസ്സങ്ങള്‍ നേരിടുമെന്നതിന് പുറമെ റോഡുകളില്‍ മഴ മൂലം പ്രതിസന്ധി ഉടലെടുക്കും. കൂടാതെ വീടുകളെയും, ബിസിനസ്സുകളെയും വെള്ളപ്പൊക്കം ബാധിക്കും. വൈദ്യുതി വിതരണം ഉള്‍പ്പെടെ സേവനങ്ങള്‍ തകരാറിലാകുമെന്നാണ് കരുതുന്നത്.
ഇംഗ്ലണ്ടിലെ സൗത്ത് ഈസ്റ്റ് തീരം മുതല്‍ കെന്റിലും, ഡോര്‍സെറ്റിലേക്കുമാണ് മുന്നറിയിപ്പ് നീളുന്നത്. ഡിവോണിലെ ചില ഭാഗങ്ങളിലും മുന്നറിയിപ്പുണ്ട്. സസെക്‌സ് മുതല്‍ സൗത്ത്, സൗത്ത് ഈസ്റ്റ് ലണ്ടന്‍ വരെയും ഈ മുന്നറിയിപ്പ് നീളും. ഉച്ചതിരിഞ്ഞ് മഴയ്ക്ക് ശമനം വരുമെങ്കിലും ഈര്‍പ്പമേറിയ കാലാവസ്ഥ തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്നാണ് സൂചന.