പാര്‍ലമെന്റില്‍ ചരിത്രം കുറിച്ച് ആദ്യ അവതരണത്തില്‍ എംപിമാര്‍ അനുകൂലമായി വോട്ട് ചെയ്ത അസിസ്റ്റഡ് ഡൈയിംഗ് ബില്‍ അട്ടിമറിക്കാന്‍ ഒരുക്കം തകൃതി. ബില്ലിനെ എതിര്‍ക്കുന്നവര്‍ പദ്ധതി തടയാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കിയെന്നാണ് റിപ്പോര്‍ട്ട്.
അടുത്ത വോട്ടില്‍ കേവലം 28 എംപിമാരുടെ മനസ്സ് മാറ്റാന്‍ കഴിഞ്ഞാല്‍ ബില്‍ പരാജയപ്പെടുമെന്നാണ് ഈ നീക്കത്തെ ഊര്‍ജ്ജിതമാക്കാന്‍ കാരണം. 275-നെതിരെ 330 വോട്ടുകള്‍ക്കാണ് അസിസ്റ്റഡ് ഡൈയിംഗ് ബില്‍ നിയമമാക്കാനുള്ള ബില്ലിന് എംപിമാര്‍ അംഗീകാരം നല്‍കിയത്.
എന്നാല്‍ ബില്ലിനെ അനുകൂലിച്ച പലരും മനസ്സ് മാറ്റുമെന്ന് വ്യക്തമാക്കിയതോടെയാണ് ഇത് നിയമമാറി മാറുമോയെന്ന കാര്യത്തില്‍ സംശയം ഉയരുന്നത്. രോഗികളോട് ദയാവധത്തെ കുറിച്ച് നിര്‍ദ്ദേശിക്കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുമെന്നതാണ് പലര്‍ക്കും ആശങ്കയായി മാറുന്നത്. ഇത് കമ്മിറ്റി തലത്തില്‍ തിരുത്തപ്പെടുമെന്നാണ് ഒരു ലേബര്‍ എംപി പ്രതീക്ഷ പ്രകടിപ്പിച്ചിട്ടുള്ളത്.
അതേസമയം എംപിമാര്‍ ബില്‍ പാസാക്കിയത് ആഘോഷിച്ച അനുകൂലികള്‍ക്കെതിരെ വിമര്‍ശകര്‍ രംഗത്ത് വന്നിട്ടുണ്ട്. പല എംപിമാരും ഷാംപെയിന്‍ പിടിച്ച് ആഘോഷിച്ചതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. ആളുകളെ കൊല്ലാനുള്ള ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തിട്ട് ഇത്രയും സന്തോഷം വേണമോയെന്നാണ് ചോദ്യം ഉയരുന്നത്.
ബില്‍ അവതരിപ്പിച്ച ലേബര്‍ എംപി കിം ലീഡ്ബീറ്റര്‍ ഇനിയൊരു കമ്മിറ്റിയെ നിയോഗിച്ച് നിബന്ധനകള്‍ പരിശോധിക്കും. കമ്മിറ്റിയില്‍ വിവിധ വാദങ്ങള്‍ ഉന്നയിക്കുന്ന എംപിമാരെ ഉള്‍പ്പെടുത്തുമെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്.