എന്‍എച്ച്എസ് വെയ്റ്റിംഗ് ലിസ്റ്റ് എത്രയും പെട്ടെന്ന് കുറച്ച് കാണണമെന്ന് ആഗ്രഹിക്കാത്ത ഭരണാധികാരികള്‍ ഉണ്ടാകില്ല. ഇത് നടപ്പാക്കിയാല്‍ ഇതില്‍പരം ഒരു നേട്ടമില്ലെന്ന് അറിയുന്നത് കൊണ്ട് തന്നെ മുന്‍പത്തെ ഭരണകൂടവും, ഇപ്പോള്‍ അധികാരത്തിലുള്ള ലേബര്‍ ഗവണ്‍മെന്റും ഇത് നടപ്പാക്കാന്‍ ശ്രമിക്കുന്നു. എന്നാല്‍ വെയ്റ്റിംഗ് ലിസ്റ്റ് വെട്ടിക്കുറയ്ക്കാനുള്ള പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറുടെ ലക്ഷ്യം അല്‍പ്പം ആവേശമല്ലേയെന്നാണ് ഇപ്പോള്‍ സംശയം ഉയരുന്നത്.
92% പതിവ് ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും 18 ആഴ്ചയ്ക്കുള്ളില്‍ നടന്നിരിക്കണമെന്ന് പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് പ്രധാനമന്ത്രി. 2029 മാര്‍ച്ച് മാസത്തോടെ ഈ ലക്ഷ്യം കൈവരിക്കണമെന്നാണ് നിര്‍ദ്ദേശം വരിക. എന്നാല്‍ ഈ ലക്ഷ്യം നടപ്പാക്കാന്‍ കഴിയുമോയെന്നാണ് എന്‍എച്ച്എസ് മേധാവികള്‍ തന്നെ ആശങ്കപ്പെടുന്നത്.
വെയ്റ്റിംഗ് സമയം കുറയ്ക്കാനായി അടുത്ത രണ്ട് വര്‍ഷത്തില്‍ 22 ബില്ല്യണ്‍ പൗണ്ട് അധികമായി എന്‍എച്ച്എസിന് നല്‍കുമെന്നാണ് ഒക്ടോബര്‍ ബജറ്റില്‍ ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് പ്രഖ്യാപിച്ചത്. എന്‍എച്ച്എസിലെ വാഗ്ദാനങ്ങള്‍ എ&ഇ, കമ്മ്യൂണിറ്റി കെയര്‍, മെന്റല്‍ ഹെല്‍ത്ത് സര്‍വ്വീസ് ഉള്‍പ്പെടെ മറ്റ് മേഖലകളില്‍ ബജറ്റ് കുറയ്ക്കാന്‍ ഇടയാക്കുമെന്നാണ് ആരോഗ്യ മേധാവികള്‍ ഭയക്കുന്നതെന്ന് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
2029 ആകുന്നതോടെ വെയ്റ്റിംഗ് സമയം കുറയ്ക്കാനുള്ള ലക്ഷ്യം കൈവരിക്കാന്‍ കഴിയുമെന്ന് ഭൂരിപക്ഷം എന്‍എച്ച്എസ് ട്രസ്റ്റ് മേധാവികളും കരുതുന്നില്ല. എന്‍എച്ച്എസ് പ്രൊവൈഡേഴ്‌സ് നടത്തിയ സര്‍വ്വെയില്‍ 71% മേധാവികളും ഇത്തരമൊരു മുന്നേറ്റം സാധ്യമാണെന്ന് വിശ്വസിക്കുന്നില്ലെന്ന് വ്യക്തമാക്കി. അക്യൂട്ട്, ആംബലന്‍സ് ട്രസ്റ്റുകളില്‍ ഈ ചിന്താഗതി 100% ആണെന്നതും പ്രശ്‌നമാണ്.