CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
4 Hours 11 Minutes 41 Seconds Ago
Breaking Now

അവധി ആഘോഷിക്കാന്‍ പോയ 20കാരന്റെ മൃതദേഹം കണ്ടെത്തിയത് ഹോട്ടലില്‍ ലിഫ്റ്റിന്റെ ഷാഫ്റ്റില്‍ ; അന്വേഷണം വേണമെന്ന് കുടുംബം

യുവാവിന്റെ കാമുകി മോളിയും ഏതാനും ചില ബന്ധുക്കളും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

അവധി ആഘോഷിക്കാന്‍ കാമുകിയ്ക്കും ഏതാനും ബന്ധുക്കള്‍ക്കും ഒപ്പം തുര്‍ക്കിയിലേക്ക് യാത്ര പോയ ബ്രിട്ടീഷ് പൗരനായ 20കാരനെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം അന്വേഷണ ആവശ്യപ്പെട്ട് രംഗത്തെത്തി. ടെയ്‌ലര്‍ കെറി എന്ന യുവാവാണ് അന്റാലിയയിലെ ലാറ ബീച്ചിന് സമീപത്തെ ഒരു ഹോട്ടലില്‍ മരിച്ചത്.

യുവാവിന്റെ കാമുകി മോളിയും ഏതാനും ചില ബന്ധുക്കളും യാത്രയില്‍ ഒപ്പമുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെ ഹോട്ടലിലെ ലിഫ്റ്റ് ഷാഫ്റ്റില്‍ ടെയ്‌ലറിന്റെ ചലനമറ്റ ശരീരം കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് സേവനം തേടി. സ്ഥലത്തെത്തിയ പാരാമെഡിക്കല്‍ ജീവനക്കാര്‍ യുവാവിന്റെ മരണം സ്ഥിരീകരിക്കുകയായിരുന്നു എന്നാണ് ഒരു ബന്ധു അറിയിച്ചത്.

ഹോട്ടലിലെ ഒന്നാം നിലയിലായിരുന്നു ടെയ്‌ലര്‍ കെറിയുടെ മുറി. കാണാതായതിനെ തുടര്‍ന്ന് ഒപ്പമുള്ളവര്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ ലിഫ്റ്റിന്റെ ഷാഫ്റ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. തുര്‍ക്കി അധികൃതര്‍ തുടര്‍ നടപടികളും പോസ്റ്റ്‌മോര്‍ട്ടവും പൂര്‍ത്തിയാക്കി മൃതദേഹവും മരണ സര്‍ട്ടിഫിക്കറ്റും ടെയ്‌ലര്‍ കെറിയുടെ ബന്ധുക്കള്‍ക്ക് കൈമാറി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനാല്‍ മറ്റ് കാര്യങ്ങള്‍ വെളിപ്പെടുത്താനാവില്ലെന്നാണ് അധികൃതര്‍ പ്രതികരിച്ചത്. 

അതേസമയം എങ്ങനെയാണ് മരണം സംഭവിച്ചതെന്നത് സംബന്ധിച്ച ഒരു വിവരവും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും അപകടത്തില്‍ സമഗ്ര അന്വേഷണം വേണമെന്നുമാണ് ബ്രിട്ടനിലുള്ള യുവാവിന്റെ കുടുംബാംഗങ്ങളുടെ ആവശ്യം. അന്റാലിയയിലെ ബ്രിട്ടീഷ് കോണ്‍സുലേറ്റും ഇവരുടെ യാത്ര ക്രമീകരിച്ച ടൂര്‍ ഓപ്പറേറ്ററും കുടുംബത്തിന് ആവശ്യമായ സഹായം നല്‍കുന്നുണ്ടെന്നും മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ വേണ്ട സഹായങ്ങള്‍ നല്‍കുന്നതായും അറിയിച്ചിട്ടുണ്ട്.

 




കൂടുതല്‍വാര്‍ത്തകള്‍.