
















ഫ്ളൈ ദുബായ് വിമാനത്തിന്റെ കോ-പൈലറ്റ് ഹമാം അല്‍ ഹമ്മാമി വിമാനം തകര്‍ക്കാന്‍ നേരത്തെയും ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലി ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ടെല്‍ അവീവിലേക്ക് സര്‍വീസ് നടത്തുന്ന വിമാനക്കമ്പനികളെ പ്രത്യേകം അന്വേഷിച്ച ശേഷമാണ് ഹമ്മാമി ഫ്ളൈ ദുബായില്‍ ജോലിക്ക് ചേര്‍ന്നതെന്നാണ് യുഎഇയിലെ ചോദ്യം ചെയ്യലില്‍ ഇയാള്‍ വെളിപ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ട്.
ഈ വര്‍ഷം തന്നെ വിമാനം തട്ടിയെടുത്ത് തകര്‍ക്കാന്‍ ഹമ്മാമി രണ്ട് തവണ ശ്രമിച്ചിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യാത്രക്കാരില്‍ പരിചയക്കാരായ ആരെങ്കിലും ഉണ്ടായിരുന്നതാകാം അവസാന നിമിഷം പദ്ധതി ഉപേക്ഷിക്കാന്‍ കാരണമെന്നാണ് വിലയിരുത്തല്‍.
അതേസമയം, സംഭവത്തില്‍ യുഎഇ സര്‍ക്കാരോ ഫ്ളൈ ദുബായ് അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ ആക്രമിച്ച് വിമാനത്തിന്റെ നിയന്ത്രണം ഏറ്റെടുക്കാന്‍ ഒമാനി പൈലറ്റ് ശ്രമിച്ചത്. ക്യാപ്റ്റന്റെയും യാത്രക്കാരുടെയും ധീരമായ ഇടപെടലാണ് വന്‍ ദുരന്തം ഒഴിവാക്കാന്‍ സഹായിച്ചത്.