
















ഫ്‌ളൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പരാജയപ്പെട്ടതിനെ കുറിച്ച് തങ്ങളുടെ പ്രതിവാര പ്രസിദ്ധീകരണമായ അല്‍ ബയാനില്‍ മുഖപ്രസംഗം പ്രസിദ്ധീകരിച്ച് യെമന്‍ ആസ്ഥാനമായുള്ള അല്‍ഖൈ്വയ്ദ വിഭാഗം. ലേഖനത്തില്‍ ഒമാനി സഹപൈലറ്റ് ഹമാം അല്‍ ഹമാമിയുടെ പ്രവര്‍ത്തിയെ പ്രശംസിക്കുകയും യുഎസ് ഇസ്രയേലി വിമാന കമ്പനികള്‍ക്കെതിരെ സമാനമായ ആക്രമണങ്ങള്‍ നടത്താന്‍ ആഹ്വാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.
സെപ്തംബര്‍ 11നും സെപ്തംബര്‍ 30നുമിടയില്‍ എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിക്കുന്ന മുഖ പ്രസംഗത്തില്‍ 2001 സെപ്തംബര്‍ 11ന് വേള്‍ഡ് ട്രേഡ് സെന്ററിലേക്ക് വിമാനം ഇടിച്ചുകയറുന്നതിന്റെ ചിത്രങ്ങളും ടെല്‍ അവീവിലേക്ക് പോവുകയായിരുന്ന ഫ്‌ളൈ ദുബായ് വിമാനത്തിന്റെ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
യുദ്ധം അവസാനിക്കാന്‍ ഇനിയും ഒരുപാട് ദുരമുണ്ട്. സിയോണിസ്റ്റുകളേയും അമേരിക്കക്കാരേയും ഇസ്ലാമിനെതിരെ പോരാടുന്ന വിവിധ അവിശ്വാസ ക്യാമ്പുകളില്‍ നിന്നുള്ള സേനകളേയും വഹിച്ചുകൊണ്ടുള്ള വിമാനങ്ങള്‍ ഇപ്പോഴും ആകാശത്ത് പറക്കുന്നുണ്ട്. സെപ്തംബര്‍ 11 ലും സെപ്തംബര്‍ 30ലും തെളിയിക്കപ്പെട്ടതുപോലെ അവ ഇപ്പോഴും ആക്രമണത്തിന് ഇരയാകാന്‍ സാധ്യതയുള്ളവയാണ്, അറബിയില്‍ എഴുതിയ ലേഖനത്തില്‍ പറയുന്നു.
ഫ്‌ളൈ ദുബായ് വിമാനം തട്ടിക്കൊണ്ടുപോകല്‍ വിജയിച്ചിരുന്നെങ്കില്‍ മേഖലയിലെ ശക്തി സന്തുലിതാവസ്ഥ തന്നെ മാറിമറിയുമായിരുന്നുവെന്നും ലേഖനം പറയുന്നു. അമുസ്ലീങ്ങള്‍ക്കും യുഎസിനെയും ഇസ്രയേലിനേയും ലക്ഷ്യമിടാമെന്നും ഇത്തരം ആക്രമണം മുസ്ലീങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപകരിക്കുമെന്നും അല്‍ ബയാന്‍ ലേഖനത്തില്‍ വ്യക്തമാക്കുന്നു.
അമേരിക്കയുടേയും സിയോണിസ്റ്റുകളുടേയും ശത്രുക്കള്‍ മുമ്പത്തേക്കാള്‍ കൂടുതലാണ്. ദൈവത്തിലോ പരലോകത്തിലോ വിശ്വസിക്കാത്ത ഒരാള്‍ നടത്തുന്ന ഒരു ആക്രമണം പോലും അത്യന്തികമായി ഇസ്ലാമിന്റെ താല്‍പര്യങ്ങളെയായിരിക്കും സേവിക്കു, എന്നും ലേഖനത്തിലെ മറ്റൊരു പ്രസ്താവനയില്‍ പറയുന്നു.