കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ കാര്‍ പാര്‍ക്ക് ഫീസ് ഇനത്തില്‍ രോഗികള്‍, സന്ദര്‍ശകര്‍, ജീവനക്കാര്‍ എന്നിവരില്‍ നിന്നായി ആശുപത്രികള്‍ 1.15 ബില്ല്യണ്‍ പൗണ്ട് സ്വരൂപിച്ചതായി ഞെട്ടിക്കുന്ന കണക്കുകള്‍. രോഗത്തിന് നികുതി ഈടാക്കുന്നുവെന്ന് പഴി കേള്‍പ്പിക്കുന്ന ഈ പരിപാടിയിലൂടെ കഴിഞ്ഞ വര്‍ഷം ഓരോ ദിവസവും പാര്‍ക്കിംഗ് ചാര്‍ജ്ജായി ശരാശരി 665,000 പൗണ്ട് വീതമാണ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍ നേടിയത്.
ഇത്രയും വരുമാനം നേടിയ ശേഷവും ഈയിടെ പല ട്രസ്റ്റുകളും നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ തുകയില്‍ നല്ലൊരു ശതമാനവും രോഗം ബാധിച്ച് എത്തുന്ന രോഗികള്‍ അപ്പോയിന്റ്‌മെന്റിനായി വരുമ്പോഴും, പ്രിയപ്പെട്ടവരെ വാര്‍ഡുകളില്‍ സന്ദര്‍ശിക്കാന്‍ എത്തുന്നവരുമാണ് നല്‍കിയിട്ടുള്ളത്. ബാക്കിയാകട്ടെ സ്വന്തം ജോലിക്കായി എത്തുന്ന നഴ്‌സുമാരും, ഡോക്ടര്‍മാരുമാണ് സംഭാവന ചെയ്തിട്ടുള്ളതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് വൈകല്യം ബാധിച്ചവര്‍ക്ക് ബ്ലൂ ബാഡ്ജ് നല്‍കിയും, രോഗം ബാധിച്ച കുട്ടികളുമായി എത്തുന്ന മാതാപിതാക്കള്‍ക്ക് രാത്രി തങ്ങാനും, നൈറ്റ് ഷിഫ്റ്റിന് എത്തുന്ന ജീവനക്കാര്‍ക്കും സൗജന്യ പാര്‍ക്കിംഗ് അനുവദിച്ച് ആശുപത്രികളുടെ വാരലിന് പരിധി ഏര്‍പ്പെടുത്തിയിരുന്നു. ലേബര്‍ ഗവണ്‍മെന്റ് കൂടുതല്‍ മുന്നോട്ട് പോയി ചികിത്സയ്ക്കും, ചികിത്സയില്‍ ഇരിക്കുന്നവരെ കാണാന്‍ എത്തുന്ന പ്രിയപ്പെട്ടവരെയും ഊറ്റുന്നത് നിര്‍ത്തലാക്കാന്‍ ഫണ്ട് അനുവദിക്കണമെന്നാണ് ലിബറല്‍ ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്.
രോഗികളില്‍ നിന്നും, കഠിനാധ്വാനം ചെയ്യുന്ന എന്‍എച്ച്എസ് ജീവനക്കാരില്‍ നിന്നും ഇത്തരം നികുതി ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് പാര്‍ട്ടിയുടെ കെയര്‍ വക്താവ് ആലിസണ്‍ ബെന്നെറ്റ് പറഞ്ഞു. ജോലിക്കായി എത്തുന്ന നഴ്‌സുമാരില്‍ നിന്നും പണം ഈടാക്കുന്നത് ശരിയല്ല. രോഗത്തിന് ചികിത്സ തേടുന്ന രോഗികള്‍ മാനംമുട്ടെ ഉയര്‍ന്ന ഫീസ് നല്‍കേണ്ടി വരുന്നതും ശരിയല്ല. പുതിയ ഗവണ്‍മെന്റ് ഈ രീതി അവസാനിപ്പിക്കാന്‍ ഫണ്ട് നല്‍കുകയാണ് വേണ്ടത്, ബെന്നെറ്റ് കൂട്ടിച്ചേര്‍ത്തു.