തര്‍ക്കങ്ങള്‍ ചിലപ്പോഴെങ്കിലും ജീവനെടുത്തേക്കാം. ചെറിയ പ്രശ്‌നങ്ങളുടെ പേരിലുള്ള തര്‍ക്കങ്ങളാണ് പലപ്പോഴും വലിയ പ്രശ്‌നങ്ങളിലേക്കും കൊലപാതകങ്ങളിലേക്കും വരെ എത്തിച്ചേരുന്നത്. മാലിന്യത്തിന്റെ പേരിലുള്ള ഒരു തര്‍ക്കമാണ് സോമര്‍സെറ്റില്‍ ഒരാളുടെ ജീവന്‍ അപഹരിക്കുന്നതിലേക്ക് എത്തിച്ചത്.
തര്‍ക്കത്തിനൊടുവില്‍ അയല്‍ക്കാരനെ ചുറ്റിക ഉപയോഗിച്ച് തല്ലിക്കൊന്ന കേസില്‍ രണ്ട് പുരുഷന്‍മാര്‍ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. സോമര്‍സെറ്റ് യോവില്‍ നിന്നുള്ള 56-കാരായ മാര്‍ട്ടിന്‍ കാര്‍ട്ടി, മാര്‍ക്ക് സോത്ത്‌കോട്ട് എന്നിവരാണ് അയല്‍വാസിയായ ഫ്രാങ്ക്‌ളിന്‍ ഇന്‍ഗ്രാമിനെ വദിച്ചത്.
എന്നാല്‍ ഇരുവരും എമര്‍ജന്‍സി സര്‍വ്വീസുകളെ വിളിക്കാന്‍ 18 മണിക്കൂര്‍ എടുത്തു. 999-ല്‍ വിളിച്ച കാര്‍ട്ടി ഫ്രാങ്കിനെ സോഫയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയെന്നാണ് അവകാശപ്പെട്ടത്. ജൂണ്‍ 22ന് കാര്‍ട്ടി തന്റെ മാലിന്യം ഇന്‍ഗ്രാമിന്റെ ഫ്‌ളാറ്റിന് സമീപം വെച്ചതിനെ ചൊല്ലി തര്‍ക്കം ഉടലെടുത്തിരുന്നു.
രാത്രി 11 മണിയോടെ ഇന്‍ഗ്രാം കാര്‍ട്ടിയുടെ ഫ്‌ളാറ്റില്‍ ചുറ്റികയുമായി എത്തുകയായിരുന്നു. ഈ സമയത്ത് കാര്‍ട്ടിയും, സോത്ത്‌കോട്ടും സ്ഥലത്തുണ്ടായിരുന്നു. ഇന്‍ഗ്രാമും, കാര്‍ട്ടിയും തമ്മില്‍ തര്‍ക്കമുണ്ടാകുകയും, പിന്നീട് മൂവരും സംഘര്‍ഷത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. ഇതിനിടെയാണ് ഇരയെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിച്ചുവീഴ്ത്തിയത്. മൂന്നാഴ്ച ബ്രിസ്റ്റോള്‍ ക്രൗണ്‍ കോടതിയില്‍ നടന്ന വിചാരണയ്ക്ക് ഒടുവിലാണ് ജൂറി ഇരുവരെയും കൊലപാതകികളായി സ്ഥിരീകരിച്ചത്.