മറ്റൊരു നികുതി വര്‍ദ്ധന ഈ പാര്‍ലമെന്റിന്റെ കാലത്ത് ഉണ്ടാകില്ലെന്നാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് ഇതുവരെ പറഞ്ഞിരുന്നത്. എന്നാല്‍ ഈ വാഗ്ദാനം വെറും വെള്ളത്തിലെ വരയായി മാറുമെന്നാണ് ഇപ്പോള്‍ വരുന്ന മുന്നറിയിപ്പ്. ചാന്‍സലര്‍ ഈ വാഗ്ദാനം ലംഘിച്ച് മറ്റൊരു നികുതി വേട്ടയ്ക്ക് ഇറങ്ങുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
സമ്പദ് വ്യവസ്ഥയുടെ പ്രയാണം നിലച്ചതാണ് മറ്റൊരു നികുതി വര്‍ദ്ധനയ്ക്ക് കൂടി കളമൊരുക്കാന്‍ റേച്ചല്‍ റീവ്‌സിനെ പ്രേരിപ്പിക്കുന്നത്. ഒക്ടോബറില്‍ അവതരിപ്പിച്ച ബജറ്റില്‍ 40 ബില്ല്യണ്‍ പൗണ്ടിന്റെ നികുതിഭാരമാണ് ഒറ്റയടിച്ച് ചുമത്തിയത്. ഇതില്‍ 25 ബില്ല്യണ്‍ പൗണ്ടും എംപ്ലോയര്‍മാരുടെ നാഷണല്‍ ഇന്‍ഷുറന്‍സ് വര്‍ദ്ധനവാണ് താങ്ങുന്നത്. എന്നാല്‍ തൊഴിലവസരങ്ങളും, ശമ്പളവും കുറച്ച് ബിസിനസ്സുകളെ ഉയര്‍ന്ന വിലയിലേക്ക് തള്ളിവിടുകയാണ് ഇതുവഴി ചെയ്യുന്നത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ മൂന്ന് മാസങ്ങളില്‍ യുകെയുടെ വളര്‍ച്ച പൂജ്യത്തിലേക്ക് താഴ്ന്നതായി വ്യക്തമായതോടെയാണ് ആശങ്ക ശക്തമാകുന്നത്. മുന്‍പ് 0.1 ശതമാനം വളര്‍ച്ച ഉണ്ടാകുമെന്നായിരുന്നു പ്രതീക്ഷ. സാമ്പത്തിക ലക്ഷ്യങ്ങളും, ചെലവഴിക്കലുകളും നടപ്പാക്കാനുള്ള ശേഷി ഇപ്പോള്‍ ചാന്‍സലര്‍ക്ക് ഇല്ലെന്ന് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ് ചൂണ്ടിക്കാണിച്ചു.
ഇനി നികുതി വര്‍ദ്ധനവുമായി വരില്ലെന്നായിരുന്നു കഴിഞ്ഞ മാസം റീവ്‌സ് ബിസിനസ്സ് നേതാക്കള്‍ക്ക് ഉറപ്പ് നല്‍കിയത്. എന്നാല്‍ ഈ വാക്ക് ലംഘിക്കാന്‍ ചാന്‍സലര്‍ നിര്‍ബന്ധിതയാകുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. സമ്പദ് വ്യവസ്ഥ സ്തംഭിക്കുകയും, പണപ്പെരുപ്പം വര്‍ദ്ധിക്കുകയും ചെയ്യുന്ന ഘട്ടത്തിലാണ് റീവ്‌സ് 2025-നെ വരവേല്‍ക്കുന്നത്.