ക്ലാസില്‍ പഠിക്കാനായി വിടുമ്പോള്‍ നമ്മുടെ മക്കള്‍ സ്‌കൂളുകളില്‍ സുരക്ഷിതരാണെന്നാണ് വിശ്വാസം. എന്നാല്‍ പല സ്‌കൂളുകളും തകര്‍ച്ചയുടെ വക്കില്‍ നില്‍ക്കുമ്പോള്‍ കുട്ടികള്‍ ക്ലാസ് മുറികളില്‍ സുരക്ഷിതരല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
ലക്ഷക്കണക്കിന് സ്‌കൂള്‍ കെട്ടിടങ്ങള്‍ എപ്പോള്‍ വേണെങ്കിലും വിദ്യാര്‍ത്ഥികളുടെ തലയില്‍ ഇടിഞ്ഞുവീഴാന്‍ പാകത്തിലാണെന്ന് മുന്നറിയിപ്പില്‍ പറയുന്നു. സ്‌കൂളുകള്‍ക്ക് പുറമെ ആശുപത്രികളും, കോടതികളും ഉള്‍പ്പെടെ ആയിരക്കണക്കിന് പൊതുകെട്ടിടങ്ങളുടെ ദുസ്ഥിതി ഈ വിധത്തിലാണ്. ഇവയ്ക്ക് അടിയന്തര റിപ്പയര്‍ പ്രവൃത്തികള്‍ ആവശ്യമാണെന്നാണ് കണ്ടെത്തല്‍.
ചില കെട്ടിടങ്ങള്‍ ഇവിടെ ജോലി ചെയ്യുന്നവരുടെയും, ഇവിടെ സന്ദര്‍ശിക്കുന്നവരുടെയും ആരോഗ്യത്തിന് ഹാനികരമാണെന്നും പറയുന്നു. ആറിലൊന്ന് കുട്ടികളുടെയും സ്‌കൂളുകള്‍ സുപ്രധാന അറ്റകുറ്റപ്പണികള്‍ ആവശ്യം ഉള്ളവയോ, വളരെ മോശം സാഹചര്യത്തിലോ ഉള്ളവയാണ്. ഇതില്‍ പകുതി സ്‌കൂളുകളും ഇതിനകം തന്നെ സുരക്ഷിതമല്ലെന്ന് വിധിയെഴുതിയിട്ടുണ്ട്. ഇവ അടിയന്തര അറ്റകുറ്റപ്പണി ആവശ്യം ഉള്ളവയാണ്.
കംബ്രിയയിലെ ഒരു സ്‌കൂളില്‍ അടിത്തറ തകരുമെന്ന് മനസ്സിലാക്കിയതോടെ ഇവിടെ നിന്നും ഇന്‍സ്‌പെക്ടര്‍മാര്‍ കുട്ടികളെ ഒഴിപ്പിച്ചതായി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മിഡ്‌ലാന്‍ഡ്‌സിലെ സ്‌കൂളുകളെയാണ് പ്രധാനമായും ഈ സ്ഥിതി ബാധിച്ചിട്ടുള്ളത്. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 30 ശതമാനവും പ്രായാധിക്യം മൂലം സുരക്ഷിതമല്ലാത്ത സ്ഥിതിയാണ്.