2024-ല്‍ പലിശ നിരക്കുകള്‍ രണ്ട് തവണ മാത്രം കുറയ്ക്കാനാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് തയ്യാറായത്. തല്‍ഫലമായി 5.25 ശതമാനത്തില്‍ നിന്നും നിരക്കുകള്‍ 4.75 ശതമാനത്തില്‍ എത്തിനില്‍ക്കുന്നു. എന്നാല്‍ വര്‍ഷത്തിന്റെ ആരംഭത്തില്‍ സാമ്പത്തിക വിപണികള്‍ പ്രവചിച്ചത് ഈ വിധമായിരുന്നില്ല. ചുരുങ്ങിയത് ആറ് തവണയെങ്കിലും പലിശ നിരക്ക് കുറയ്ക്കാന്‍ കേന്ദ്ര ബാങ്ക് തയ്യാറാകുമെന്നായിരുന്നു പൊതുനിലപാട്.
എന്നാല്‍ ഇത് സംഭവിച്ചില്ല. എന്നുമാത്രമല്ല പണപ്പെരുപ്പം തിരിച്ചുവരവ് നടത്തുകയും, വരുമാനവളര്‍ച്ച ശക്തമാകുകയും ചെയ്തതിനൊപ്പം സമ്പദ് വ്യവസ്ഥയുടെ അവസ്ഥ മോശമാകുകയും ചെയ്തു. തൊഴിലില്ലായ്മ നിരക്ക് താഴ്ന്ന് നിന്നതും ബാങ്ക് ഓഫ് ഇംഗ്ലണ്ടിനെ കൂടുതല്‍ വെട്ടിക്കുറവുകളില്‍ നിന്നും പിന്തിരിപ്പിച്ചു.
അടുത്ത വര്‍ഷം പരമാവധി മൂന്ന് വെട്ടിക്കുറവുകള്‍ പ്രതീക്ഷിക്കാമെന്നാണ് വിപണികളുടെ ഇപ്പോഴത്തെ പ്രവചനം. അതായത് 2025 അവസാനിക്കുമ്പോള്‍ പലിശകള്‍ 4 ശതമാനത്തില്‍ എത്തുമെന്നാണ് കരുതുന്നത്. 2025 വര്‍ഷത്തില്‍ നിരക്കുകള്‍ 3 ശതമാനത്തിനും, 4 ശതമാനത്തിനും ഇടയില്‍ നില്‍ക്കുമെന്നാണ് സാന്‍ടാന്‍ഡറുടെ പ്രവചനം. വര്‍ഷത്തിന്റെ അവസാനത്തോടെ 3.75 ശതമാനത്തിലേക്ക് പലിശ കുറയുമെന്നും അവര്‍ പറയുന്നു.
അതേസമയം ബാര്‍ക്ലേസ് അല്‍പ്പം കൂടി ആശ്വാസമേകുന്ന പ്രവചനമാണ് നല്‍കുന്നത്. പലിശ നിരക്കുകള്‍ 2025 അവസാനത്തോടെ 3.50 ശതമാനത്തിലേക്ക് താഴുമെന്ന് ബാര്‍ക്ലേസ് പ്രതീക്ഷിക്കുന്നു. ഫെബ്രുവരി, മേയ്, ജൂണ്‍, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ 25 ബേസിസ് പോയിന്റ് വീതം നിരക്ക് കുറഞ്ഞ് 3.5 ശതമാനത്തില്‍ എത്തുമെന്നാണ് ബാങ്കിന്റെ പ്രതീക്ഷ. പലിശ നിരക്കുകള്‍ 4 ശതമാനത്തിന് സമീപം തുടരുമെന്നാണ് ലെന്‍ഡര്‍മാരുടെ നിലപാടെങ്കില്‍ മോര്‍ട്ട്‌ഗേജ് നിരക്കുകള്‍ കുറയാനുള്ള സാധ്യത കുറവാണെന്നാണ് സാമ്പത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.