ബ്രിട്ടീഷ് രോഗികളുടെ ആരോഗ്യ ഡാറ്റ പ്രയോജനപ്പെടുത്തി ചൈന ജൈവായുധങ്ങള്‍ വികസിപ്പിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി വിദഗ്ധര്‍. ബ്രിട്ടനിലെ ആശുപത്രികളില്‍ ചൈനീസ് മെഡിക്കല്‍ സാങ്കേതികവിദ്യയുടെ വളര്‍ച്ചയാണ് ആശങ്കപ്പെടുത്തുന്ന വിഷയമായി എംപിമാരും, സുരക്ഷാ, ബയോളജിക്കല്‍ സ്‌പെഷ്യലിസ്റ്റുകളും ചൂണ്ടിക്കാണിക്കുന്നത്.
ശത്രുരാജ്യമായി നിലകൊള്ളുന്ന ചൈന ബയോളജിയെ ആയുധമാക്കുമെന്നാണ് ആശങ്ക. പ്രത്യേകിച്ച് വൈറസുകളെയും, രോഗങ്ങളെയും നേരിടുന്ന ആയുധങ്ങള്‍ രോഗികളുടെ വിവരങ്ങള്‍ പ്രയോജനപ്പെടുത്തി തയ്യാറാക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ബ്രിട്ടനിലെ ആശുപത്രികള്‍ വലിയ തോതില്‍ ചൈനയില്‍ നിന്നുള്ള ഉപകരണങ്ങളെ ആശ്രയിക്കുന്ന അവസ്ഥയാണ്. രോഗികളുടെ ഡാറ്റ നിരീക്ഷിക്കുന്ന ഉപകരണങ്ങളാണ് ഇതില്‍ അധികവും. ഒരു ചൈനീസ് സ്ഥാപനം യുകെ ആസ്ഥാനമായി പ്രവര്‍ത്തിച്ച് വലിയ തോതില്‍ ബ്രിട്ടനിലും, യൂറോപ്പിലും പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നുണ്ട്.
ചൈനീസ് സ്ഥാപനമായ മൈന്‍ഡ്‌റേ ഇതിനകം യൂറോപ്പില്‍ 600 ടീച്ചിംഗ് ഹോസ്പിറ്റലുകളുടെ കരാര്‍ നേടിയിട്ടുണ്ട്. ഇതില്‍ 50 എന്‍എച്ച്എസ് കോണ്‍ട്രാക്ടുകളും ഉള്‍പ്പെടുന്നു. മോണിറ്ററിംഗ്, അനസ്‌തേഷ്യ, വെന്റിലേഷന്‍, അള്‍ട്രാസൗണ്ട് ഉപകരണങ്ങള്‍ പോലുള്ളവയാണ് ഇവര്‍ വിതരണം ചെയ്യുന്നത്. കഴിഞ്ഞ ആഗസ്റ്റില്‍ ചൈനീസ് പ്രീമിയര്‍ ലി ക്വിയാംഗ് കമ്പനി സന്ദര്‍ശിച്ചതോടെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗീകാരം വ്യക്തമായിരുന്നു.