ഗവണ്‍മെന്റ് കടമെടുപ്പ് ചെലവുകള്‍ റെക്കോര്‍ഡ് തൊട്ടതോടെ വിപണിയില്‍ വില്‍പ്പന കൊടുമ്പിരി കൊള്ളുന്ന സാഹചര്യത്തില്‍ അടിയന്തര പദ്ധതി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായി റേച്ചല്‍ റീവ്‌സ്. ചെലവ് ചുരുക്കുകയോ, കൂടുതല്‍ നികുതി വര്‍ദ്ധിപ്പിക്കുകയോ മാത്രമാണ് ഇവര്‍ക്ക് മുന്നിലുള്ള മാര്‍ഗ്ഗം.
നിരക്കുകള്‍ വര്‍ദ്ധിച്ചതോടെ പലിശ തിരിച്ചടവില്‍ മാത്രം ചാന്‍സലര്‍ക്ക് പ്രതിവര്‍ഷം 10 ബില്ല്യണ്‍ പൗണ്ട് കണ്ടെത്തേണ്ട ഗതികേടിലാണെന്ന് ഇക്കണോമിസ്റ്റുകള്‍ പറയുന്നു. ഇതോടെ സ്വന്തം സാമ്പത്തിക നയങ്ങള്‍ തന്നെ വിഴുങ്ങാന്‍ ഇവര്‍ നിര്‍ബന്ധിതമാകും. മാര്‍ച്ചിനുള്ളില്‍ കനത്ത നടപടി കൈക്കൊള്ളാതെ റീവ്‌സിന് മുന്നില്‍ വഴികളില്ലെന്ന് ട്രഷറി ശ്രോതസ്സുകള്‍ തന്നെ സമ്മതിക്കുന്നു.
ഗവണ്‍മെന്റ് വളര്‍ച്ചാ പദ്ധതി തുടക്കത്തില്‍ തന്നെ പൊളിഞ്ഞതായി ടോറി ബിസിനസ്സ് വക്താവ് ആന്‍ഡ്രൂ ഗ്രിഫിത്ത് ആരോപിക്കുന്നു. സ്വയം സാമ്പത്തിക നിയമങ്ങള്‍ പൊളിച്ചെഴുതി അത് പാലിക്കാതെ വരുന്നതിന് ഒരു പ്രത്യേക തരം കഴിവില്ലായ്മ വേണമെന്ന് അദ്ദേഹം പരിഹസിച്ചു. എന്നാല്‍ സാമ്പത്തിക നയങ്ങള്‍ പാലിക്കാനുള്ള ഉത്തരവാദിത്വത്തില്‍ അചഞ്ചലമായി നിലകൊള്ളുമെന്ന് ചാന്‍സലറുടെ വക്താവ് പ്രതികരിച്ചു.
അതേസമയം നിയമങ്ങള്‍ തെറ്റിക്കുമെന്ന് ഓഫീസ് ഫോര്‍ ബജറ്റ് റെസ്‌പോണ്‍സിബിലിറ്റി മാര്‍ച്ച് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയാല്‍ അത് ചാന്‍സലര്‍ക്ക് കനത്ത തിരിച്ചടി നല്‍കും. അതുകൊണ്ട് തന്നെ അടുത്ത ഓട്ടം ബജറ്റ് വരെ കാത്തിരിക്കാനുള്ള സമയം റീവ്‌സിന് മുന്നിലില്ല. നികുതി ഇനിയും വര്‍ദ്ധിപ്പിക്കാനും, കടമെടുപ്പ് ഉയര്‍ത്താനും ചാന്‍സലര്‍ ആഗ്രഹിക്കുന്നില്ലെന്നതിനാല്‍ വിപണിയില്‍ നിലവിലെ അശാന്തി തുടര്‍ന്നാല്‍ ചെലവ് ചുരുക്കാനാണ് ചാന്‍സലര്‍ തീരുമാനിക്കുകയെന്നാണ് ശ്രോതസ്സുകള്‍ വെളിപ്പെടുത്തുന്നത്.