
















                    
കഴിഞ്ഞ വര്‍ഷം യൂറോപ്പില്‍ തന്നെ അഭയാര്‍ത്ഥി അപേക്ഷകളില്‍ ഏറ്റവും വലിയ കുതിച്ചുചാട്ടം നടത്തി ബ്രിട്ടന്‍. അപേക്ഷകള്‍ 108,000 എന്ന റെക്കോര്‍ഡ് തോതിലേക്ക് ഉയര്‍ന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നത്.
ഫ്രാന്‍സിലും, ജര്‍മ്മനിയിലും അഭയാര്‍ത്ഥികളുടെ എണ്ണം കുറഞ്ഞപ്പോഴാണ് ബ്രിട്ടനില്‍ 2023-ല്‍ 28 ശതമാനം വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ & ഡെവലപ്‌മെന്റ് വ്യക്തമാക്കുന്നു.
20022-ല്‍ രേഖപ്പെടുത്തിയ 103,000 എന്ന റെക്കോര്‍ഡാണ് ഇപ്പോള്‍ യുകെ മറികടന്നിരിക്കുന്നത്. 2024-ല്‍ 44,000 പേരാണ് ബ്രിട്ടനില്‍ അനധികൃതമായി പ്രവേശിച്ചതെന്നും ഒഇസിഡി കണ്ടെത്തി. ഒരു വര്‍ഷം മുന്‍പത്തെ 37,000 എന്ന റെക്കോര്‍ഡാണ് മറികടന്നത്.
പതിനായിരത്തിലേറെ അഭയാര്‍ത്ഥി അപേക്ഷകര്‍ പാകിസ്ഥാനില്‍ നിന്നും വന്നതാണ്. ഇറാനില്‍ നിന്നും 8000-ലേറെ പേരും അഭയാര്‍ത്ഥികളായി എത്തി. പ്രധാനമന്ത്രിയായി എത്തിയ ശേഷം കീര്‍ സ്റ്റാര്‍മര്‍ക്ക് കീഴില്‍ 60,000 പേരാണ് ചെറുബോട്ടില്‍ അതിര്‍ത്തി കടന്നത്. ഈ കണക്കുകള്‍ അതുകൊണ്ട് തന്നെ സ്റ്റാര്‍മര്‍ക്ക് ആഘാതമാണ്.
ലേബറിന് അതിര്‍ത്തി നിയന്ത്രണം നഷ്ടമായെന്ന് ഷാഡോ ഹോം സെക്രട്ടറി ക്രിസ് ഫിലിപ്പ് ആരോപിച്ചു. മുന്‍ കണ്‍സര്‍വേറ്റീവ് ഗവണ്‍മെന്റ് പ്രതിരോധിക്കാന്‍ നടപ്പാക്കിയ എല്ലാ പദ്ധതിയും ഇവര്‍ നാശമാക്കിയെന്നും ഫിലിപ്പ് ചൂണ്ടിക്കാണിച്ചു.