CURRENCY RATE -
1 GBP :
0.00 INR
1 EUR :
0.00 INR
1 USD :
0.00 INR
Last Updated :
2 Hours 19 Seconds Ago
Breaking Now

ലണ്ടന്‍ ട്രെയിനില്‍ കത്തിക്കുത്ത് നടത്തിയ അക്രമിയെ തടയാന്‍ പോലീസ് പരാജയപ്പെട്ടു; 24 മണിക്കൂറിനിടെ വിവിധ ഇടങ്ങളില്‍ കത്തിക്കുത്ത് നടത്തിയെന്ന് തെളിവുകള്‍; 14 വയസ്സുകാരനെ കുത്തിയതിലും, ബാര്‍ബര്‍ ഷോപ്പില്‍ കത്തിയുമായി എത്തിയതും ഒരേ പ്രതിയെന്ന് സംശയം

ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും കേംബ്രിഡ്ജ്ഷയര്‍ കോണ്‍സ്റ്റാബുലറി ഓഫീസര്‍മാരെ ഇവിടേക്ക് അയച്ചില്ല

ബ്രിട്ടീഷ് പോലീസിന്റെ പ്രവര്‍ത്തനം പലപ്പോഴും കുറ്റവാളികളെ പിടികൂടാനും, കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനും സഹായകമാകേണ്ടതാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ലണ്ടന്‍ ട്രെയിനില്‍ നിരപരാധികളായ യാത്രക്കാരെ കുത്തിക്കൊല്ലാന്‍ ശ്രമിച്ച പ്രതിയെ തടയാന്‍ കിട്ടിയ അവസരം പോലീസ് തുലച്ചതായാണ് ഇപ്പോള്‍ ആരോപണം ഉയരുന്നത്. ഇതേ പ്രതി തന്നെ 24 മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത ഇടങ്ങളില്‍ കത്തിക്കുത്ത് നടത്തിയെന്ന സംശയം ഉയര്‍ന്നതോടെയാണ് വിമര്‍ശനം. 

ഹണ്ടിംഗ്ടണ്‍ ട്രെയിന്‍ അക്രമണ കേസിലെ പ്രതിയാണ് 24 മണിക്കൂറിനിടെ വിവിധ അക്രമങ്ങള്‍ നടത്തിയതെന്നാണ് വ്യക്തമാകുന്നത്. പീറ്റര്‍ബറോയില്‍ നിന്നുള്ള 32-കാരന്‍ ആന്റണി വില്ല്യംസാണ് കസ്റ്റഡിയിലുള്ളത്. 11 കൊലപാതകശ്രമ കുറ്റങ്ങള്‍ ചുമത്തി ഇയാളെ പീറ്റര്‍ബറോ മജിസ്‌ട്രേറ്റ്‌സ് കോടതിയില്‍ ഹാജരാക്കി. നവംബര്‍ 1ന് എല്‍എന്‍ഇആര്‍ ട്രെയിനിലും, ഈസ്റ്റ് ലണ്ടനില്‍ മറ്റൊരിടത്തും നടത്തിയ കുറ്റകൃത്യങ്ങള്‍ക്കാണ് കേസ്. 

ഇതിനിടെ വെള്ളിയാഴ്ച വൈകുന്നേരം 7.14ന് പീറ്റര്‍ബറോയിലെ ഫ്‌ളെറ്റണിലുള്ള റിട്‌സി ബാര്‍ബേഴ്‌സില്‍ വില്ല്യംസെന്ന് കരുതുന്ന ആള്‍ കത്തിയുമായി എത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. സിറ്റി സെന്ററില്‍ ഒരു 14-കാരന് കുത്തേറ്റതായി വിവരം ലഭിച്ച് പോലീസിനെ വിളിച്ചതിന് പിന്നാലെയായിരുന്നു ഇത്. 

ബാര്‍ബര്‍ ഷോപ്പ് ജീവനക്കാര്‍ പോലീസില്‍ വിവരം അറിയിച്ചെങ്കിലും കേംബ്രിഡ്ജ്ഷയര്‍ കോണ്‍സ്റ്റാബുലറി ഓഫീസര്‍മാരെ ഇവിടേക്ക് അയച്ചില്ല. പകരം സിസിടിവി ദൃശ്യങ്ങള്‍ ഓണ്‍ലൈനായി അപ്‌ലോഡ് ചെയ്യാനാണ് നിര്‍ദ്ദേശിച്ചത്. നവംബര്‍ 1ന് രാവിലെ 9.25നും ഇതേ ആള്‍ ഷോപ്പില്‍ തിരിച്ചെത്തിയെന്ന് ഇവിടുത്തെ ബാര്‍ബര്‍ പറയുന്നു. എന്നാല്‍ ഇക്കുറി പോലീസ് സ്ഥലത്ത് എത്തുമ്പോഴേക്കും ആള്‍ കടന്നിരുന്നു. ഇതേ വ്യക്തിയാണ് 10 മണിക്കൂറിന് ശേഷം ട്രെയിനില്‍ കത്തിക്കുത്ത് നടത്തിയത്. ഈ വിവരം ഇപ്പോള്‍ പോലീസിനെ തിരിഞ്ഞുകൊത്തുകയാണ്. 




കൂടുതല്‍വാര്‍ത്തകള്‍.