
















                    
ബ്രിട്ടന്റെ നികുതികള്‍ ഏത് വിധത്തില്‍ വര്‍ദ്ധിക്കുമെന്നത് സംബന്ധിച്ച് ആഴ്ചകളായി അഭ്യൂഹങ്ങളും, ആശങ്കകളും നിലനില്‍ക്കുന്നുണ്ട്. പല തരത്തിലുള്ള വാര്‍ത്തകള്‍ വരികയും, ജനങ്ങളുടെ ചങ്കിടിപ്പ് വര്‍ദ്ധിക്കുകയും ചെയ്യുമ്പോഴും അവിടെയും, ഇവിടെയും ചില സൂചനകള്‍ മാത്രമാണ് റേച്ചല്‍ റീവ്‌സ് നല്‍കിയിട്ടുള്ളത്. തന്റെ മുന്‍ പദ്ധതികളെല്ലാം പാളിയിട്ടും ചാന്‍സലര്‍ കസേരയില്‍ തുടരുന്ന റീവ്‌സ് ഇപ്പോള്‍ തന്റെ ഭാവി പദ്ധതികള്‍ വ്യക്തമാക്കാന്‍ നേരിട്ടെത്തുകയാണ്.
ലേബര്‍ പ്രകടനപത്രിക മറികടന്ന് ഇന്‍കം ടാക്‌സ് വര്‍ദ്ധിപ്പിക്കാനാണ് റീവ്‌സ് ഒരുങ്ങുന്നതെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. ഇതുള്‍പ്പെടെ പല നടപടികള്‍ സംബന്ധിച്ചമുള്ള വിശദീകരണവുമായി ചാന്‍സലര്‍ ഇന്ന് രംഗത്തെത്തും. നവംബര്‍ 26-നാണ് ബജറ്റ്. നാലാഴ്ച അകലെ നില്‍ക്കുന്ന ബജറ്റ് സംബന്ധിച്ച് മുന്‍കൂര്‍ പ്രസംഗിക്കുന്ന അസാധാരണമാണ്.
ഡൗണിംഗ് സ്ട്രീറ്റില്‍ രാവിലെയാണ് അഭിസംബോധന. ഇതോടൊപ്പം വീട് വാടകയ്ക്ക് നല്‍കാന്‍ ലൈസന്‍സ് നേടിയില്ലെന്ന വാര്‍ത്ത പുറത്തുവന്നതിന് ശേഷം റീവ്‌സ് പൊതുമുഖത്ത് എത്തിയിട്ടില്ല. ബജറ്റ് അടുത്തിരിക്കവെ തന്റെ ഭാഗം വിശദീകരിക്കുകയാണ് റീവ്‌സിന്റെ ഉദ്ദേശമെന്ന് കരുതുന്നു. രാജ്യത്തിന്റെ ധനകാര്യസ്ഥിതി മുന്‍പ് പ്രതീക്ഷിച്ചതിലും മോശമാണെന്ന് റീവ്‌സ് വ്യക്തമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം 26 ബില്ല്യണ്‍ പൗണ്ട് വരെ നികുതി വര്‍ദ്ധന ഒഴിവാക്കാന്‍ കഴിയാത്ത നിലയിലാണ് കാര്യങ്ങളെന്ന് ലേബര്‍ അനുകൂല തിങ്ക്ടാങ്ക് റെസൊലൂഷന്‍ ഫൗണ്ടേഷന്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിന് വാഗ്ദാനങ്ങള്‍ ലംഘിക്കേണ്ടതായി വരും. തെരഞ്ഞെടുപ്പ് വാഗ്ദാനത്തിലാണ് ഇന്‍കം ടാക്‌സും, നാഷണല്‍ ഇന്‍ഷുറന്‍സും, വാറ്റും ഉയര്‍ത്തില്ലെന്ന് ലേബര്‍ ഉറപ്പ് നല്‍കിയത്. നാഷണല്‍ ഇന്‍ഷുറന്‍സ് വാഗ്ദാനം കഴിഞ്ഞ ബജറ്റില്‍ തന്നെ തെറ്റിക്കുകയും ചെയ്തു.