ഡോളറിനെതിരെ പൗണ്ട് കുത്തനെ താഴേക്ക് പതിക്കുകയും, ഗവണ്‍മെന്റിന്റെ കടമെടുപ്പ് ചെലവുകള്‍ 27 വര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തുകയും ചെയ്തതോടെ പ്രതിസന്ധി പരിഹരിക്കാന്‍ രക്ഷാപ്രവര്‍ത്തനം. കടക്കെണി പ്രതിസന്ധിയില്‍ അയവ് വരുത്തുന്നതിന്റെ ഭാഗമായി ഡിസെബിലിറ്റി ബെനഫിറ്റുകളായി നല്‍കുന്ന തുകയില്‍ ബില്ല്യണ്‍ കണക്കിന് പൗണ്ട് വെട്ടിക്കുറയ്ക്കാനാണ് ചാന്‍സലര്‍ റേച്ചല്‍ റീവ്‌സ് നീക്കം നടത്തുന്നത്.
വെല്‍ഫെയര്‍ ബജറ്റില്‍ സുപ്രധാന കുറവുകള്‍ വരുത്തേണ്ടി വരുമെന്ന് ഡൗണിംഗ് സ്ട്രീറ്റിനെ അറിയിച്ചതായാണ് റിപ്പോര്‍ട്ട്. പ്രതിസന്ധി തുടര്‍ന്നാല്‍ മോര്‍ട്ട്‌ഗേജ് നിരക്കുകളെയും ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. പുതിയ നികുതികള്‍ക്ക് പകരം ചെലവ് ചുരുക്കല്‍ കടുപ്പിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് റീവ്‌സ് ട്രഷറിയെ അറിയിച്ചിട്ടുണ്ട്. വൈകല്യങ്ങളും, ആരോഗ്യ പ്രശ്‌നങ്ങളും നേരിടുന്ന ആളുകള്‍ക്ക് വാര്‍ഷിക പിന്തുണ നല്‍കുന്നതിനുള്ള ചെലവുകള്‍ 22 ബില്ല്യണില്‍ നിന്നും 2029-ല്‍ 35 ബില്ല്യണായി ഉയരുമെന്നാണ് കരുതുന്നത്.
ഇതിന് പുറമെ പ്രതിരോധ ബജറ്റില്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഉത്തേജനം 2030 വരെയെങ്കിലും നടപ്പാക്കില്ലെന്നാണ് മുന്നറിയിപ്പ്. ബ്രിട്ടന്റെ രാജ്യസുരക്ഷയെ അപകടത്തിലാക്കുന്ന വിധത്തിലേക്ക് പ്രതിസന്ധി എത്തുന്നതാണ് കാഴ്ച. സാമ്പത്തിക ബുദ്ധിമുട്ടും, വിപണിയുടെ ചാഞ്ചാട്ടവും ഗവണ്‍മെന്റിന്റെ സാമ്പത്തിക അജണ്ട തന്നെ അട്ടിമറിക്കുകയാണ്. മാര്‍ച്ചിനകം പൊതുചെലവ് ചുരുക്കാന്‍ ചാന്‍സലര്‍ കത്തിയുമായി ഇറങ്ങുമെന്നാണ് കരുതുന്നത്.
ജിഡിപിയുടെ 2.5 ശതമാനമായി പ്രതിരോധ ചെലവുകള്‍ ഉയര്‍ത്തുമെന്ന ലേബര്‍ വാഗ്ദാനമാണ് അടുത്ത തെരഞ്ഞെടുപ്പ് കഴിഞ്ഞാലും നടക്കാത്ത നിലയിലേക്ക് നീക്കിവെയ്ക്കുന്നത്. പൊതുഖജനാവിനെ സംരക്ഷിക്കുമെങ്കിലും സായുധ സേനകള്‍ക്ക് ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് ഇത് തടസ്സം സൃഷ്ടിക്കും. റീവ്‌സിന്റെ 'സമയം' അവസാനിച്ചെന്നാണ് മുന്‍ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വിമര്‍ശിക്കുന്നത്. നിലവിലെ ദുഃസ്ഥിതി സൃഷ്ടിച്ചത് ചാന്‍സലറുടെ പ്രഖ്യാപനങ്ങളാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.