സൈനിക നിയമം നടപ്പാക്കാനൊരുങ്ങിയതിനെ തുടര്‍ന്ന് ഇംപീച്ച് ചെയ്യപ്പെട്ട ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് യൂന്‍ സുക് യോള്‍ അറസ്റ്റില്‍. രാജ്യത്ത് പട്ടാള നിയമം പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് പ്രസിഡന്റ് യുന്‍ സുക് യോളിന്റെ അധികാരം നഷ്ടമായത്. പാര്‍ലമെന്റില്‍ നടന്ന ഇംപീച്ച്മെന്റിലൂടെയാണ് യുന്‍ സുക് യോളിനെ പുറത്താക്കിയത്.
ഭരണപ്രതിസന്ധിയില്‍ വ്യാപക വിമര്‍ശനം നേരിടുന്നതിനിടെയാണ് യുന്‍ സുക് യോളിന് സ്ഥാനം നഷ്ടമായത്. അതേസമയം വിവാദ പട്ടാള നിയമത്തെക്കുറിച്ച് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാന്‍ അദ്ദേഹം സമ്മതിച്ചതായി അഭിഭാഷകന്‍ സ്ഥിരീകരിച്ചു. പ്രസിഡന്റ് യൂണ്‍ ഇന്ന് അഴിമതി അന്വേഷണ ഓഫീസില്‍ നേരിട്ട് ഹാജരാകാന്‍ തീരുമാനിച്ചുവെന്ന് അഭിഭാഷകന്‍ സിയോക് ഡോങ്-ഹിയോണ്‍ ഫേസ്ബുക്കില്‍ പറഞ്ഞു.
അതേസമയം നിലവിലെ വാറണ്ട് പ്രകാരം യൂണിനെ 48 മണിക്കൂര്‍ വരെ തടവിലിടാം. കസ്റ്റഡി നീട്ടാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുതിയ വാറന്റിന് അപേക്ഷിക്കേണ്ടതുണ്ട്. ഡിസംബര്‍ 14-ന് പ്രതിപക്ഷത്തിന് ആധിപത്യമുള്ള അസംബ്ലി പ്രസിഡന്റിനെ ഇംപീച്ച് ചെയ്തതിനെത്തുടര്‍ന്ന് യൂണിന്റെ പ്രസിഡന്റ് അധികാരങ്ങള്‍ താല്‍ക്കാലികമായി മരവിപ്പിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെച്ചൊല്ലിയുള്ള കേസ് ഇപ്പോള്‍ ഭരണഘടനാ കോടതിയിലാണ്. 204-85 വോട്ടുകള്‍ക്കാണ് യൂണിനെ ഇംപീച്ച് ചെയ്തത്.