വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ അശാന്തമായി ഗാസ. ഹമാസും ഇസ്രയേലും വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിച്ചതായി ചര്‍ച്ചകള്‍ക്ക് മധ്യസ്ഥത വഹിച്ച ഖത്തര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ ഗാസയിലും വെസ്റ്റ് ബാങ്കിലും അതിശക്തമായ ആക്രമണം അഴിച്ച് വിട്ടത്. വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെ ഗാസയില്‍ നടന്ന ആക്രമണത്തില്‍ 87 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 21 പേര്‍ കുട്ടികളും 25 പേര്‍ സ്ത്രീകളുമാണ്. വെസ്റ്റ് ബാങ്കിലും അതിരൂക്ഷമായ ആക്രമണമാണ് ഇസ്രയേല്‍ നടത്തിയത്.
ഇതിനിടെ വെടിനിര്‍ത്തല്‍ കരാറിലെ എല്ലാ വശങ്ങളും ഹമാസ് അംഗീകരിച്ചുവെന്ന് മധ്യസ്ഥര്‍ ഉറപ്പാക്കുന്നത് വരെ വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കാനായുള്ള ഇസ്രയേല്‍ മന്ത്രിസഭ യോഗം ചേരില്ലെന്ന് പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കി. വെടിനിര്‍ത്തല്‍ വ്യവസ്ഥകളില്‍ അവസാന നിമിഷം ഹമാസ് മാറ്റം ആവശ്യപ്പെട്ടുവെന്ന് നേരത്തെ നെതന്യാഹു ആരോപിച്ചിരുന്നു. ഞായറാഴ്ച നിലവില്‍ വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിനായി ഇസ്രയേല്‍ മന്ത്രിസഭ യോഗം ചേരുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വെടിനിര്‍ത്തല്‍ കരാര്‍ അംഗീകരിക്കുന്നതിനായി ഇസ്രയേല്‍ മന്ത്രിസഭ യോഗം ചേരുന്നത് സംബന്ധിച്ച് അനിശ്ചതത്വം തുടരുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.