ചേന്ദമംഗലം കൂട്ടക്കൊലപാതകത്തില്‍ കുറ്റബോധമില്ലെന്ന് പ്രതി ഋതു ജയന്‍. അവസരം ഒത്തു വന്നപ്പോള്‍ കൊന്നു എന്ന് ഋതു ജയന്‍ കസ്റ്റഡിയില്‍ പൊലീസിന് മൊഴി നല്‍കി. കൊലപ്പെടുത്തുക എന്ന ഉദ്യേശത്തോടെയാണ് താന്‍ ആക്രമണം നടത്തിയതെന്ന് ഋതു ജയന്‍ ആവര്‍ത്തിച്ചു. 2 ദിവസം മുന്‍പ് ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി പ്രതി പറഞ്ഞു. എന്നാല്‍ അയല്‍വാസികള്‍ കൂടുതല്‍ പേര്‍ ഉണ്ടായിരുന്നത് കൊണ്ടാണ് ആക്രമണം നടത്താതിരുന്നതെന്ന് ഋതു ജയന്റെ മൊഴി.
പൊലീസ് കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴാണ് പ്രതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഋതു ജയനെ ഇന്ന് തെളിവെടുപ്പിനായി കൊണ്ട് പോകും. കൊലപാതകത്തിനു കാരണം ഉഷ, വേണു, വിനീഷ, ജിതിന്‍ എന്നിവരോട് ഉണ്ടായ കടുത്ത വൈരാഗ്യമായിരുന്നു കൊലപാതകത്തിലേക്ക് നയിച്ചത്. മോട്ടോര്‍ സൈക്കിളില്‍ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും പിന്നീട് കൈയ്യില്‍ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു.
പ്രതിക്കെതിരെ കടുത്ത ജനരോഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തെളിവെടുപ്പ് അടക്കം പൊലീസിന് വലിയ വെല്ലുവിളിയാകും.കൊലപാതകം നടന്ന വീട്ടില്‍ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താന്‍ കൂടുതല്‍ പൊലീസിനെ ഉള്‍പ്പെടെ നിയോഗിക്കേണ്ടതുണ്ട്. ജയിലിന് ഉള്ളിലും പ്രതി യാതൊരു ഭാവഭേദവും ഇല്ലാതെയാണ് പെരുമാറിയത് എന്നാണ് പൊലീസിന് ജയിലധികൃതര്‍ നല്‍കിയ വിവരം.
കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പേരേപ്പാടം കാട്ടിപ്പറമ്പില്‍ നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. തലയ്ക്കടിയേറ്റ വിനീഷയുടെ ഭര്‍ത്താവ് ജിതിന്‍ അതീവ ഗുരുതരാവസ്ഥയില്‍ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.